സജീഷ് ടോം

പതിനാലാം പ്രവർത്തന വർഷത്തിലേക്ക് കടക്കുന്ന ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കൻ നഗരങ്ങളിൽ പ്രസിദ്ധമായ ബേസിംഗ്‌സ്‌റ്റോക്കിൽ നൂറോളം മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അസോസിയേഷൻ ഭാരവാഹിത്വത്തിൽ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊർജ്വസ്വലരായ പുത്തൻ പ്രതിനിധികളും കൂടി ഉൾപ്പെടുന്ന നവനേതൃനിര അടുത്ത പ്രവർത്തനവർഷത്തിലേക്കുള്ള കർമ്മ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു.

അസോസിയേഷന്റെ പല നേതൃ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സാജു സ്റ്റീഫൻ ആണ് പുതിയ പ്രസിഡന്റ്. സാജുവിന്റെ സൗമ്യമായ നേതൃത്വം അസോസിയേഷൻ പ്രവർത്തങ്ങൾക്ക് കരുത്തുപകരും എന്ന് കരുതപ്പെടുന്നു. ആദ്യമായി ബി എം സി എ നേതൃത്വത്തിലേക്ക് കടന്ന് വന്നിരിക്കുന്ന രതീഷ് പുന്നേലി ആണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബേസിംഗ്‌സ്‌റ്റോക്കിലെ മലയാളം ക്ലാസ്സിന്റെ പ്രവർത്തങ്ങളിലും സജീവമാണ് രതീഷ്. അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിട്ടുള്ള പൗലോസ് പാലാട്ടി ആണ് പുതിയ ട്രഷറർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അസോസിയേഷന്റെ കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റ് രാജേഷ് ബേബി വൈസ് പ്രസിഡന്റും മുൻ സെക്രട്ടറി സിജോ ജേക്കബ് ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കും. മുൻ ട്രഷറർ ജോബി തോമസാണ് പുതിയ ഓഡിറ്റർ. ഇവരെ കൂടാതെ ബിജു എബ്രഹാം, സജീഷ് ടോം, ജിജി ബിനു, നൈനു രെജു, ബിനീഷ് അഗസ്റ്റിൻ എന്നിവർ കൂടിച്ചേരുന്നതാണ് ബി എം സി എ യുടെ ഈ പ്രവർത്തന വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റി.

വരുന്ന ഒരുവർഷത്തെ മുഴുവൻ പരിപാടികളുടെയും മാർഗരേഖ പ്രഥമ കമ്മറ്റി യോഗം ചർച്ചചെയ്തു. അസോസിയേഷൻ ഭരണസമിതി അംഗങ്ങൾക്ക് പുറമെ, ഓരോ പരിപാടികൾക്കും മുന്നോടിയായി, സഹകരിക്കുവാൻ സമയവും താല്പര്യവുമുള്ള കൂടുതൽ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രോഗ്രാം കമ്മറ്റികൾ രൂപീകരിച്ച് കൂടുതൽ ജനപങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കുന്ന രീതിയാകും പുതിയ ഭരണസമിതി നടപ്പിലാക്കുക.

യു കെ യിലെത്തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ. 2007 ൽ നാൽപ്പതോളം കുടുംബങ്ങളുമായി ആരംഭിച്ച സംഘടന 2020 ൽ എത്തിനിൽക്കുമ്പോൾ തൊണ്ണൂറോളം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. യുക്മയിലും മൾട്ടി കൾച്ചറൽ സാംസ്ക്കാരിക പ്രവർത്തങ്ങളിലും ഇതര സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലും സജീവമാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ.