ലണ്ടന്‍: ബ്രിട്ടീഷ് റോഡുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രീറ്റ് ലൈറ്റുകള്‍ കാഴ്ചത്തകരാറുകള്‍ക്ക് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്. ഈ പ്രകാശം ഉറക്കത്തെ ബാധിക്കാമെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. നിലവിലുള്ള ബള്‍ബുകളില്‍ നിന്ന് എല്‍ഇഡി ലൈറ്റുകളിലേക്ക് തെരുവു വിളക്കുകളെ മാറ്റാന്‍ രാജ്യത്തെ കൗണ്‍സിലുകള്‍ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഇത് വൈദ്യുതിച്ചെലവ് കുറയ്ക്കുമെന്നതിനാലാണ് പുതിയ നീക്കം.
ലണ്ടന്‍, ഗ്ലോസ്റ്റര്‍ഷയര്‍, ലാന്‍കാഷയര്‍, ചെഷയര്‍, ഡന്‍ഡീ തുടങ്ങിയ കൗണ്‍സിലുകള്‍ എല്‍ഇഡി ലൈറ്റുകള്‍ക്കായി ദശലക്ഷക്കണക്കിന് പൗണ്ടാണ് ചെലവഴിക്കുന്നത്. എന്നാല്‍ വളരെ ശക്തമായ എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചം മനുഷ്യരുടെ സാധാരണ ഉറക്കരീതികളെ ബാധിക്കുമെന്ന് പിഎച്ച്ഇ മുന്നറിയിപ്പ് നല്‍കുന്നു. ഒരു പെര്‍മനന്റ് ജെറ്റ് ലാഗിന് സമാനമായ അവസ്ഥയായിരിക്കും ഇതിന്റെ ഫലമായി ഉണ്ടാകുക.
മനുഷ്യന്റെ ബോഡി ക്ലോക്കിന് 24 മണിക്കൂര്‍ നീളുന്ന സൈക്കിളാണ് ഉള്ളതെന്ന് പിഎച്ച്ഇ സെന്റര്‍ ഫോര്‍ റേഡിയേഷന്‍, കെമിക്കല്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ ഹസാര്‍ഡ് തലവന്‍ ജോണ്‍ ഒ’ ഹാഗാന്‍ പറയുന്നു. പ്രകാശമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. ഏത് തരംഗദൈര്‍ഘ്യത്തിലുള്ളതാണെങ്കിലും പ്രകാശത്തിന് മനുഷ്യരില്‍ പ്രഭാവം ചെലുത്താനാകും. സര്‍ക്കാഡിയന്‍ സിസ്റ്റം എന്നറിയപ്പെടുന്ന മനുഷ്യ ശരീരത്തിലെ സമയ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഉറക്കത്തെയായിരിക്കും ഇത് സാരമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ലൈറ്റുകളില്‍ നിന്നുള്ള പ്രകാശം തങ്ങളുടെ ബെഡ്‌റൂമുകളില്‍ വരെയെത്തുന്നുണ്ടെന്ന് പലരും പരാതിപ്പെട്ടിരുന്നു. ഇത്തരം ലൈറ്റുകള്‍ പ്രകാശ മലിനീകരണമാണ് സൃഷ്ടിക്കുന്നതെന്നും ഒ’ഹാഗാന്‍ പറയുന്നു. ഇതിന്റെ ലൈറ്റ് സ്‌പെക്ട്രം നീല പ്രകാശത്തിന് പ്രാമുഖ്യമുള്ളതാണ്. ഡ്രൈവര്‍മാര്‍ക്ക് ഇത് ഉപകാരമാണെങ്കിലും നീല പ്രകാശത്തില്‍ സ്ഥിരമായി ഇരിക്കുന്നത് റെറ്റിനയ്ക്ക് തകരാറുകള്‍ സൃഷ്ടിക്കുമെന്നും ഇത് കാഴ്ചാ വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
Leave a Reply