ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിട്ടുമാറാത്ത തലവേദനയായ മൈഗ്രേന് പുതിയ മരുന്ന് എൻഎച്ച് എസ് ശുപാർശ ചെയ്തു തുടങ്ങി. അറ്റോഗെപൻ്റ് എന്ന മരുന്ന് ആണ് എൻഎച്ച്എസ് മൈഗ്രൈൻ രോഗികൾക്ക് നൽകാനുള്ള നടപടികൾ ആരംഭിച്ചത്. ഇംഗ്ലണ്ടിലെ 1, 70,000 വരുന്ന കഠിനമായ മൈഗ്രേൻ ഉള്ള രോഗികൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മറ്റ് മരുന്നുകൾ കഴിച്ചിട്ട് പ്രയോജനം ലഭിക്കാത്തവർക്കും കുത്തിവയ്പ്പുകൾ നടത്തിയുള്ള ചികിത്സ സാധിക്കാത്തവർക്കുമാണ് ആദ്യമായി മരുന്നുകൾ നൽകുക. മൈഗ്രേന് വേണ്ടി പുതിയ മരുന്ന് നൽകാനുള്ള തീരുമാനം നല്ല നടപടിയാണെന്ന് മൈഗ്രേൻ രോഗികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി അഭിപ്രായപ്പെട്ടു. മരുന്ന് ഫലപ്രദമാണെന്ന് ക്ലിനിക്കൽ ട്രയലിലൂടെ തെളിയിക്കപ്പെട്ടതിന് ശേഷമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (എൻഐസിഇ) ഗുളിക രൂപത്തിലുള്ള മരുന്ന് രോഗികൾക്ക് നൽകാൻ ശുപാർശ ചെയ്തത്.
കുത്തിവെയ്പോ മറ്റ് മരുന്നുകളോ കഴിച്ച് ഫലം കാണാത്ത രോഗികൾക്ക് പുതിയ മരുന്ന് നൽകാനാണ് എൻ ഐ സിഇ നിർദ്ദേശം നൽകിയിരിക്കുന്നത്. തലയുടെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന വിട്ട മാറാത്ത വേദനയാണ് മൈഗ്രേന്റെ ലക്ഷണം. പലർക്കും ഇത് ദിവസങ്ങളോളം നീണ്ടുനിൽക്കും. എൻഎച്ച്എസ്സിന്റെ കണക്കുകൾ അനുസരിച്ച് യുകെയിൽ ഉടനീളം 6 ദശലക്ഷം പേർക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിലാണ് മൈഗ്രേൻ കാണപ്പെടുന്നത്.
Leave a Reply