ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആഭ്യന്തര സെക്രട്ടറിയായി ആദ്യ തവണ ചുമതലയിലിരിക്കെ ആറോളം പ്രാവശ്യം ഔദ്യോഗിക രേഖകൾ തന്റെ സ്വകാര്യ മെയിലിലേക്ക് അയച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് സുയല്ല ബ്രാവർ മാൻ. ഋഷി സുനക് പ്രധാനമന്ത്രിയായി അധികാരം ഏറ്റ ശേഷം വീണ്ടും ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ട ബ്രാവർമാൻ തന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വീണ്ടും സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. ലിസ് ട്രസ് പ്രധാനമന്ത്രിയായിരിക്കെ ആഭ്യന്തരമന്ത്രിയായി ചുമതലയിൽ ഇരുന്ന ബ്രാവർമാൻ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് ഒക്ടോബർ 19ന് രാജിവെക്കുകയായിരുന്നു. തുടർന്ന് ഋഷി സുനക് അധികാരത്തിൽ എത്തിയപ്പോൾ, ആറു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഈ പദവിയിലേക്ക് ബ്രാവർമാനെ തിരഞ്ഞെടുത്തപ്പോൾ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഔദ്യോഗിക ഗവൺമെന്റ് അക്കൗണ്ടിന് പകരം സ്വന്തം പ്രൈവറ്റ് ഇമെയിലിൽ നിന്നും ഔദ്യോഗിക രേഖകൾ കൺസർവേറ്റീവ് എംപി സർ ജോൺ ഹേയ്‌സിന് അയച്ചതായാണ് ബ്രാവർമാൻ അംഗീകരിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ യാതൊരു വിധത്തിലുള്ള രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങളോ, മറ്റ് പ്രധാനപ്പെട്ട വിവരങ്ങൾ ഒന്നും തന്നെയില്ല എന്നാണ് ബ്രാവർമാൻ നൽകുന്ന വിശദീകരണം.

ഇതോടൊപ്പം തന്നെ അഭയാർത്ഥികളുടെ വിഷയത്തിലും ബ്രാവർമാൻ വിവാദങ്ങൾ നേരിടുകയാണ്. മാൻസ്റ്റൺ മൈഗ്രന്റ് പ്രോസസിംഗ് സെന്ററിൽ അടുത്തിടെ നടന്ന ആളുകളുടെ വർദ്ധനവും സ്ഥലം ഇല്ലായ്മയും, രോഗങ്ങൾ അമിതമായി വർദ്ധിച്ചതുമെല്ലാം ആഭ്യന്തര സെക്രട്ടറിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂടുതൽ സ്ഥലം ലഭിക്കുവാനായി ഹോട്ടൽ ബുക്ക് ചെയ്യേണ്ട എന്ന തീരുമാനം ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന കടുത്ത വിമർശനമാണ് ബ്രാവർമാന് നേരെ ഉയർന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ രണ്ടു വിവാദങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന ആഭ്യന്തര സെക്രട്ടറി രാജിവെക്കണമെന്ന് ആവശ്യമാണ് നിരവധി ഇടങ്ങളിൽ നിന്നും ഉയർന്നു വരുന്നത്.