വാക്സിൻ വിതരണം ത്വരിതഗതിയിലാക്കാൻ പുതിയ മന്ത്രി. കോവിഡിനെ വരുതിയിലാക്കാനുറച്ച് യുകെ

വാക്സിൻ വിതരണം ത്വരിതഗതിയിലാക്കാൻ പുതിയ മന്ത്രി. കോവിഡിനെ വരുതിയിലാക്കാനുറച്ച് യുകെ
November 29 06:40 2020 Print This Article

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ടിൽ കോവിഡ് വാക്സിൻ വിതരണം ത്വരിതഗതിയിലാക്കാനും മേൽനോട്ടം വഹിക്കാനുമായി പുതിയ ആരോഗ്യ മന്ത്രിയായി നാദിം സഹാവിയെ നിയമിച്ചു. സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിലെ എംപിയായ സഹാവി അടുത്ത വേനൽക്കാലം വരെ വാക്സിൻ വിതരണത്തിന് മേൽനോട്ടം വഹിക്കും. നിലവിൽ ഇംഗ്ലണ്ടിലെ വാക്സിൻ വിതരണത്തിലെ ചുമതല മാത്രമേ സഹാവിക്കുള്ളൂ. സ്കോട്ട്‌ലൻഡ്,വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വാക്സിൻ വിതരണം അവിടങ്ങളിലെ ഭരണസംവിധാനത്തിന് കീഴിലായിരിക്കും. അന്തിമാനുമതി ലഭ്യമായാൽ ക്രിസ്മസിന് മുമ്പ് തന്നെ വാക്സിൻ വിതരണം സാധ്യമാകും എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

നാദിം സഹാവി കുടുംബത്തോടൊപ്പം തൻറെ ഒൻപതാമത്തെ വയസ്സിലാണ് ഇറാക്കിൽ നിന്ന് യുകെയിലേക്ക് കുടിയേറിയത്. 2010ലാണ് അദ്ദേഹം ആദ്യമായി സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോനിൽ നിന്ന് പാർലമെൻറിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരേസ മേ മന്ത്രിസഭയിൽ 2018 മുതൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു. 2011ൽ ഇപ്പോഴത്തെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കുമായി ചേർന്ന് “മാസ്റ്റേഴ്സ് ഓഫ് നതിങ്” എന്ന പുസ്തകം അദ്ദേഹം രചിച്ചിരുന്നു.

നിലവിൽ യുകെ സർക്കാർ 100 ദശലക്ഷം ഡോസ് ഓക്സ്ഫോർഡ്, അസ്ട്രസെനെക വാക്സിനും 40 ദശലക്ഷം ഫൈസർ വാക്സിനും മോഡേണയുടെ അഞ്ച് ദശലക്ഷം ഡോസുകൾക്കുമാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇതിൽ ഫൈസർ വാക്സിൻ വിതരണം ഏറ്റവും കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുമെന്ന് കരുതുന്നു. കാരണം ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സംഭരണവും വിതരണവും നടത്തേണ്ടതുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles