ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓൺലൈൻ ലോകം വളരുകയും വികസിക്കുകയും ചെയ്യുന്നതിനനുസരിച്ച്, അവയെ നിയന്ത്രിക്കാനാവശ്യമായ നിയമങ്ങളും പരിണമിക്കേണ്ടത് ആവശ്യമാണ്. അത്തരത്തിൽ ഒരു ചുവടുവെപ്പാണ് ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയിരിക്കുന്ന ഓൺലൈൻ സേഫ്റ്റി ആക്ട് 2023 എന്ന് യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും മലയാളിയും കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറുമായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഈ ആക്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും നിലവിൽ തന്നെ നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഏറ്റവും പ്രാധാന്യമുള്ള പത്താം സെക്ഷൻ 2024 ജനുവരി 31 മുതലാണ് നിലവിൽ വരുന്നത്. ഈ സെക്ഷനിൽ, സോഷ്യൽ മീഡിയയിൽ ഒരു വ്യക്തിയുടെ പ്രവർത്തികൾ എപ്പോൾ കുറ്റകൃത്യമായി മാറുന്നുവെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയ മറ്റൊരു വ്യക്തിയെ ഏതെങ്കിലും തരത്തിൽ പരിഹസിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉള്ള മാർഗമായി സ്വീകരിക്കുന്നവർക്കെല്ലാം തന്നെ ഒരു മുന്നറിയിപ്പാണ് ഈ ആക്ട് നൽകുന്നത്.

യാതൊരു ന്യായീകരണവും ഇല്ലാതെ, പൂർണ്ണമായും തെറ്റായ സന്ദേശങ്ങൾ മറ്റൊരാളെ മാനസികമായും ശാരീരികമായും തളർത്തുന്നതിന് “അയക്കുന്നത് ” ഒരു ക്രിമിനൽ കുറ്റമായി ഈ ആക്ടിലൂടെ മാറിയിരിക്കുകയാണ്. ഇത് ടെക്സ്റ്റ് മെസ്സേജ്, ഓഡിയോ, വീഡിയോ തുടങ്ങി ഏത് തരത്തിലുള്ള സന്ദേശങ്ങളും ആകാം. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന മാനസിക, ശാരീരിക ആഘാതങ്ങൾക്ക് അവർ പോലീസിൽ പരാതിപ്പെട്ടാൽ, സന്ദേശം അയച്ച ആളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനുള്ള അനുവാദമാണ് ഈ ആക്ട് നൽകുന്നത്. ഇതോടൊപ്പം തന്നെ ശാരീരിക വൈകല്യമുള്ള വരെയോ രോഗങ്ങൾ ബാധിച്ചിരിക്കുന്നവരെയോ മനപ്പൂർവമായി ഉപദ്രവിക്കുന്ന തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും അവർക്ക് അയക്കുന്നതും ഈ ആക്ട് പ്രകാരം കുറ്റകരമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടൊപ്പം തന്നെ മറ്റൊരാളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതും ഈ ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതാണ്. മറ്റൊരാളെ സ്വയം ഉപദ്രവിക്കുവാൻ പ്രേരണ നൽകുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതും ഈ ആക്ടിന്റെ സെക്ഷനുകൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവയെല്ലാം തന്നെ ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നതിനാൽ ജയിൽ ശിക്ഷ വരെ കുറ്റവാളിക്ക് ലഭിക്കാം. അതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ, മലയാളി സമൂഹം പ്രത്യേകമായും ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും ലഭിക്കുന്ന സന്ദേശങ്ങൾ എല്ലാം തന്നെ പോസ്റ്റ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും നിങ്ങളെ അപകടത്തിലേക്ക് നയിച്ചേക്കാം. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും മറ്റുമുള്ള അവസരങ്ങളായി ഉപയോഗിക്കാതിരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:
Adv. Baiju Thittala
LLB (Hons),Grad. NALP, LPC,
PG Employment Law; PG Legal Practice,
Solicitor of the Senior Courts of England and Wales
[email protected]