ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അതിശക്തമായ തീരുമാനം കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടത്.1897ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ഡോക്ടര്‍മാര്‍ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്.

ഇതേതതുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും. ഇവരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ 3 മാസം മുതല്‍ 5 വര്‍ഷം വരെ ശിക്ഷ നല്‍കും. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപയാണ് പിഴ.

കൂടാതെ, ഇവരെ ആക്രമിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ ശിക്ഷ 6 മാസം മുതല്‍ 7 വര്‍ഷം വരെയാകും. ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താല്‍ ജയില്‍ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരും.

ചെന്നൈയില്‍ മരിച്ച ഡോക്ടറുടെ സംസ്‌കാരം നടത്താന്‍ ജനക്കൂട്ടം അനുവദിക്കാത്തത് രാജ്യമാകെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ രോഷത്തിനിടയാക്കിയിരുന്നു.