സിനിമാ തിരക്കഥയെ വെല്ലും രീതിയിലായിരുന്നു താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന പേരില്‍ ആദ്യം മാധ്യമങ്ങളെ പടിക്കു പുറത്തു നിര്‍ത്തി. തങ്ങളുടെ രഹസ്യ ചര്‍ച്ചകളും നീക്കങ്ങളും പുറത്തു പോകാതിരിക്കാന്‍ യോഗം ചേരുന്ന ഹോട്ടലിന് മുംബൈയില്‍ നിന്നുള്ള സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു. അകത്തെ നീക്കങ്ങളും വാഗ്വാദങ്ങളും പുറത്താകാതിരിക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഒഴികെയുള്ളവരുടെ മൊബൈല്‍ ഫോണുകളും വാങ്ങി വച്ചു.
കഴിഞ്ഞദിവസം ക്രൗണ്‍പ്ലാസയില്‍ നടന്ന അമ്മ ജനറല്‍ ബോഡിയിലെ മുന്നൊരുക്കങ്ങള്‍ മാധ്യമങ്ങളെ ഭയന്നു തന്നെയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ദിലീപിനെ തിരികെയെത്തിക്കാനുള്ള അണിയറനീക്കങ്ങള്‍ ചോരാതിരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കങ്ങളെല്ലാം. എന്നാല്‍ ദിലീപ് സംഘടനയില്‍ തിരികെയെത്തിയേക്കും എന്ന കിംവദന്തി പരന്നതോടെ പൃഥ്വിരാജും മഞ്ജു വാര്യരും അടക്കം ചില താരങ്ങള്‍ വിട്ടുനിന്നു.
ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അമ്മയ്‌ക്കെതിരേ മഞ്ജുവിന്റെയും പൃഥ്വിയുടെയും നേതൃത്വത്തില്‍ സമാന്തര കൂട്ടായ്മ വരുന്നുവെന്നതാണ്. ഒരു സംവിധായകനാണ് പുതിയ സംഘടനയ്ക്കു വേണ്ടുന്ന ഉപദേശങ്ങളും നിയമസഹായവും നല്കുന്നത്. സൂപ്പര്‍ താരങ്ങള്‍ ഒതുക്കിയ ഒരു മുന്‍കാല നടന് നേതൃസ്ഥാനത്ത് അവരോധിച്ചാകും പുതിയ സംഘടനയുടെ പ്രവര്‍ത്തനം. റിമ കല്ലിംഗലിന്റെ നേതൃത്വത്തിലുള്ള വുമണ്‍ ഇന്‍ കളക്ടീവിന്റെ പിന്തുണയും പുതിയ കൂട്ടായ്മ ഉറപ്പു വരുത്തിയിട്ടുണ്ട്. സിനിമ താരങ്ങള്‍ക്കു പുറമേ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കും ജൂണിയര്‍ താരങ്ങള്‍ക്കും സംഘടനയില്‍ അംഗത്വം ലഭിക്കും.
അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കണം. അംഗത്വ ഫീസായി പതിനായിരങ്ങള്‍ നല്കണം. കൂടാതെ ഇത്ര സിനിമയില്‍ അഭിനയിക്കുകയും വേണം. ഇതിനെല്ലാം ഉപരി അമ്മയുടെ തലപ്പത്ത് ഉള്ളവരുടെ പ്രീതി നേടുകയെന്നത് അത്യാവശ്യവും. പുതിയ സംഘടന ഈ കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിക്കുന്നതാകും. അടുത്തു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
Leave a Reply