ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാർക്കിൻസൺ രോഗികൾക്ക് സഹായകരമായ ഏറ്റവും ആധുനികമായ മരുന്ന് എൻഎച്ച്എസ്സിൽ ലഭ്യമാകും . ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളിലേയ്ക്ക് സന്ദേശങ്ങൾ കൈമാറാൻ ബ്രെയിനിനെ സഹായിക്കുന്ന മരുന്നുകളുടെ പ്രവർത്തനം പാർക്കിൻസൺ രോഗത്തിൻറെ കാഠിന്യം വളരെ കുറയ്ക്കാൻ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആദ്യഘട്ടമായി പാർക്കിൻസൺ രോഗമുള്ള ആയിരം ആളുകൾക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുന്നത്.
ഫോസ്ലെവോഡോപ്പ എന്നാണ് പുതിയ ചികിത്സാരീതി അറിയപ്പെടുന്നത്. 24 മണിക്കൂർ പോർട്ടബിൾ കിറ്റ് ധരിക്കുന്നതുൾപ്പെടെയുള്ള ഈ ചികിത്സാരീതി പാർക്കിൻസൺ രോഗം മൂലം ബുദ്ധിമുട്ടുന്നവരിൽ വളരെയേറെ ആശ്വാസം നൽകുമെന്നാണ് പരീക്ഷണത്തിൽ തെളിയിക്കപ്പെട്ടിരിക്കുന്നത് . മുഴുവൻ സമയവും രക്തത്തിലേക്ക് മരുന്നുകൾ കയറ്റിവിടാൻ സഹായിക്കുകയാണ് പുതിയ ചികിത്സാരീതിയിൽ മുഖ്യമായും ചെയ്യുന്നത്.
പല പാർക്കിൻസൺ രോഗികളും അവരുടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ 20 ലധികം ഗുളികകൾ പ്രതിദിനം കഴിക്കേണ്ടതായി വരുന്നുണ്ട്. ഫോസ്ലെവോഡോപ്പ, ഫോസ്കാർബിഡോപ്പ എന്നീ രണ്ട് മരുന്നുകളുടെ സംയോജനമാണ് പ്രൊഡ്യൂഡോപ്പ. ഫോസ്ലെവോഡോപ്പയെ ഡോപാമൈൻ എന്ന രാസവസ്തുവാക്കി മാറ്റുന്നതിലൂടെ ആണ് ഇത് പ്രവർത്തിക്കുന്നത് . ഇത് ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെയും ഞരമ്പുകളുടെയും ഇടയിൽ ഫലപ്രദമായി സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്നു. അമിതമായ ചലനം അല്ലെങ്കിൽ വിറയൽ പോലെയുള്ള പാർക്കിൻസൺസ് ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
പുതിയ മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയത് മഹത്തായ വർത്തയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ സ്പെഷ്യലൈസ് ഡ് സേവനങ്ങൾക്കായുള്ള മെഡിക്കൽ ഡയറക്ടർ ജെയിംസ് പാമർ പറഞ്ഞു.
Leave a Reply