പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നും പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളിലേക്ക് തുരങ്കം നിർമിക്കാൻ ആലോചന. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെൻട്രൽ വിസ്ത പദ്ധതിയിൽ മാറ്റം വരുത്തുന്നത്.
ഇതിന് പുറമെ എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാകും. പുതിയ പദ്ധതി രൂപരേഖ പ്രകാരം പ്രധാനമന്ത്രിയുടെ വീടും ഓഫീസും സൗത്ത് ബ്ലോകിന്റെ ഭാഗത്താണ് വരിക. നോർത്ത് ബ്ലോക് ഭാഗത്താണ് ഉപരാഷ്ട്രപതിയുടെ വസതി. നിലവിൽ ശ്രംശക്തി ഭവൻ നിലനിൽക്കുന്ന സ്ഥലത്താണ് നിർദിഷ്ട എംപി ചേംബർ.
സുരക്ഷക്ക് പുറമെ പുതിയ പാർലമെന്റ് സമുച്ചയം പൊതുജന സൗഹൃദമാക്കുക എന്ന ലക്ഷ്യവും തുരങ്കനിർമാണത്തിന് പിന്നിലുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. വിശിഷ്ട വ്യക്തികൾക്ക് മാത്രം പോകാവുന്ന തരത്തിലാകും തുരങ്കത്തിന്റെ നിർമാണം.
ഈ ടണൽ ഒറ്റവരിപ്പാതയായിരിക്കും. ഗോൾഫ് വാഹനങ്ങളാകും യാത്രയ്ക്കായി ഉപയോഗിക്കുക.രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റർ നവീകരിക്കാനുള്ള പദ്ധതിയാണ് സെൻട്രൽ വിസ്ത. ഈ പദ്ധതിയ്ക്ക് കീഴിലാണ് പുതിയ പാർലമെന്റ് സമുച്ചയവും സെൻട്രൽ സെക്രട്ടറിയേറ്റും വരിക.
Leave a Reply