ലണ്ടന്‍: യുകെയില്‍ അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴ അടുത്തയാഴ്ച മുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ 24 മുതല്‍ അമിത വേഗതയ്ക്ക് പിടിക്കപ്പെടുന്നവര്‍ക്ക് 2500 പൗണ്ട് വരെ പിഴ ലഭിക്കും. നിലവില്‍ പരമാവധി 1000 പൗണ്ട് വരെയാണ് പിഴ. നിലവിലുള്ള ശിക്ഷകള്‍ അമിത വേഗത മുലമുണ്ടാകുന്ന അപകടങ്ങളേക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് വേണ്ടത്ര അവബോധം നല്‍കുന്നില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പിഴ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം എടുത്ത തീരുമാനം അടുത്തയാഴ്ച മുതല്‍ നടപ്പിലാകും.
പരമാവധി സ്പീഡ് ലിമിറ്റിനു മുകളില്‍ വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ പ്രതിവാര വരുമാനത്തിന്റെ 150 ശതമാനമാനമായിരിക്കും ഇനി മുതല്‍ നല്‍കേണ്ടിവരുന്ന ശിക്ഷ. നിലവിലുള്ള 100 ശതമാനത്തില്‍ നിന്നാണ് ഇത്രയും വര്‍ദ്ധനവ് വരുത്തുന്നത്. ഡ്രൈവിംഗ് ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകളും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. കുറ്റകരമായ വിധത്തിലുള്ള ഡ്രൈവിംഗ് ശീലങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത ശിക്ഷകള്‍ നടപ്പില്‍ വരുന്നത്.
ഡ്രൈവര്‍മാര്‍ക്ക് പിഴ നല്‍കാന്‍ തീരുമാനിക്കുന്നത് മൂന്നു വിധത്തിലാണ്. ബാന്‍ഡ് എ അനുസരിച്ച് പ്രതിവാര വരുമാനത്തിന്റെ പകുതി പിഴയായി ഈടാക്കും. ബാന്‍ഡ് ബിയില്‍ മുഴുവന്‍ വരുമാനവും പിഴയായി നല്‍കേണ്ടി വരും. ബാന്‍ഡ് സിയില്‍ വരുമാനത്തിന്റെ 150 ശതമാനം അധികം തുകയും നല്‍കേണ്ടി വരും. അമിത വേഗത അപകടങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല തങ്ങളുടെ പോക്കറ്റുകള്‍ കാലിയാക്കുമെന്നുകൂടിയുള്ള തിരിച്ചറിവ് ഡ്രൈവര്‍മാരെ കൂടുതല്‍ ബോധവാന്‍മാരാക്കുമെന്നാണ് വിലയിരുത്തല്‍.
Leave a Reply