ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്താനാർബുദ ചികിത്സയിൽ വിപ്ലവകരമായ പുരോഗതിക്ക് വഴി ഒരുക്കുന്ന മരുന്നിന് എൻഎച്ച്എസ് ഇംഗ്ലണ്ട് പച്ച കൊടി കാട്ടി. ഈ രോഗത്തിന് ലോകത്തിലെ ഏറ്റവും നൂതനമായ മരുന്നായ കാപ്പിവാസർറ്റിബിൻ്റെ പ്രയോജനം യുകെയിലും ഇനി ലഭിക്കും . ഇംഗ്ലണ്ടിലെ ഡ്രഗ് അസസ്‌മെൻ്റ് ബോഡിയാണ് എൻഎച്ച്എസിൽ മരുന്ന് വിതരണത്തിന് അനുവാദം നൽകിയിരിക്കുന്നത്.
ഈ മരുന്ന് രോഗം വ്യാപിപ്പിക്കുന്നത് മന്ദഗതിയിലാക്കുമെന്നും നാലിലൊന്ന് ആളുകളിൽ മുഴകൾ ചുരുങ്ങുമെന്നും തെളിയിക്കപ്പെട്ടിരുന്നു. പ്രതിവർഷം 3,000 സ്ത്രീകൾക്ക് കാപ്പി വാസർറ്റിബിൻ്റെ പ്രയോജനം ലഭിക്കും. ക്യാൻസർ പടർന്ന് ഭേദമാക്കാൻ കഴിയാത്ത ആളുകൾക്ക് ലഭ്യമായ നിരവധി ചികിത്സാ രീതികളിൽ ഒന്നാണിത്. എന്നാൽ സ്തനാർബുദ മരുന്നുകൾ കൂടുതൽ വേഗത്തിൽ അംഗീകരിക്കണമെന്ന് ഒരു ക്യാൻസർ ചാരിറ്റി പറഞ്ഞു. യുകെയിൽ ഏറ്റവും സാധാരണമായ ക്യാൻസർ ആണ് സ്തനാർബുദം. ഏഴ് സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് ഈ രോഗം ബാധിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ 75 ശതമാനം പേരും രോഗനിർണ്ണയത്തിന് ശേഷം 10 വർഷമോ അതിൽ കൂടുതലോ കാലം അതിജീവിക്കുന്നുമുണ്ട്.
പുതിയ മരുന്നായ കാപ്പിവാസർറ്റിബിൻ ക്യാൻസറിന് കാരണമാകുന്ന പ്രോട്ടീൻ തന്മാത്രയുടെ പ്രവർത്തനത്തെ തടയുകയാണ് ചെയ്യുന്നത്. 20 വർഷത്തോളമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് കാപ്പിവാസർറ്റിബ് വികസിപ്പിച്ചത്. ബ്രസ്റ്റ് ക്യാൻസറിന് ഇന്ന് ലോകത്തിൽ ലഭ്യമായ ഏറ്റവും ഫലപ്രദമായ മരുന്നാണ് ഇതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെയും റോയൽ മാർസ്‌ഡനിലെയും പ്രധാന ഗവേഷകനും മെഡിക്കൽ ഓങ്കോളജി പ്രൊഫസറുമായ പ്രൊഫ നിക്ക് ടർണർ പറഞ്ഞു. 708 സ്ത്രീകളിൽ ഹോർമോൺ തെറാപ്പിയുടെ ഒപ്പം ഈ മരുന്ന് നൽകിയപ്പോൾ ക്യാൻസർ വികസിക്കാൻ എടുക്കുന്ന സമയം 3.6 മാസത്തിൽ നിന്ന് 7.3 മാസമായി ഇരട്ടിയായതായി ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് 23 ശതമാനം രോഗികളിലും മുഴകൾ കുറയ്ക്കുകയും ചെയ്തു. കടുത്ത പാർശ്വഫലം മൂലം പല സ്ത്രീകളും ഭയപ്പെടുന്ന കീമോതെറാപ്പി ചെയ്യേണ്ടതായി വരുന്നത് ഗണ്യമായി കുറയ്ക്കാൻ ഈ മരുന്നിന്റെ ഉപയോഗം മൂലം സാധിക്കുമെന്ന് പ്രൊഫ നിക്ക് ടർണർ പറഞ്ഞു.
Leave a Reply