ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഉയർന്ന എനർജി ബില്ലുകളുമായി മല്ലിടുന്നവർക്ക് ആശ്വസിക്കാൻ വഴി ഒരുങ്ങുന്നു. ഉയർന്ന എനർജി ബിൽ സാധാരണക്കാരായ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കുടുംബ ബജറ്റുകളിൽ വലിയ സമ്മർദ്ദം ചെലുത്തി. കോവിഡിന് ശേഷം ലോകം ലോക്ക്ഡൗണിൽ നിന്ന് പുറത്തു വന്നപ്പോൾ വർദ്ധിച്ച ആവശ്യകതയും തുടർന്ന് 2022 ഫെബ്രുവരിയിൽ ആരംഭിച്ച ഉക്രെയ്നിലെ യുദ്ധവും ഉൾപ്പെടെ ഊർജ്ജ വില കുത്തനെ ഉയരുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്. എന്നാൽ ജൂലൈ മുതൽ എനർജി ബില്ലിൽ കുറവുണ്ടാവും എന്നതാണ് സന്തോഷവാർത്ത. വർഷം 3433.85 പൗണ്ട് ആണ് ജൂൺ അവസാനം വരെയുള്ള എനർജി ബിൽ. 1831.52 പൗണ്ട് ഗ്യാസിനും 1602.33 പൗണ്ട് വൈദ്യുതിക്കും കണക്കാക്കിയാണ് ഈ തുക. ഗ്യാസിന്റെ യൂണിറ്റ് റേറ്റ് 10.236 പെൻസ് /kWh, വൈദ്യുതിയുടെ യൂണിറ്റ് റേറ്റ് 32.811 പെൻസ് / kWh എന്നിങ്ങനെ ആണ്.
എന്നാൽ ജൂലൈ മുതൽ വർഷം 2823.84 പൗണ്ട് എന്ന നിലയിലേക്ക് തുക മാറും. . 1358.74 പൗണ്ട് ഗ്യാസിനും 1465.10 പൗണ്ട് വൈദ്യുതിക്കും കണക്കാക്കിയാണ് ഈ തുക. ഇവിടെ ഗ്യാസിന്റെ യൂണിറ്റ് റേറ്റ് 7.431 പെൻസ് /kWh, വൈദ്യുതിയുടെ യൂണിറ്റ് റേറ്റ് 29.607 പെൻസ് /kWh എന്നിങ്ങനെ കുറയും. ഇവിടെ ദിവസേനയുള്ള സ്റ്റാൻഡിങ് ചാർജ് ഗ്യാസിന് 29.106 പെൻസും വൈദ്യുതിക്ക് 53.964 പെൻസും ആയിരിക്കും.
പുതിയ താരിഫ് പ്രൈസ് നിലവിൽ വരുമ്പോൾ വർഷം 610.01 പൗണ്ടിന്റെ വ്യത്യാസം ബില്ലിൽ ഉണ്ടാകും.
യുകെയിലും യൂറോപ്പിലും വർഷത്തിലെ ഈ സമയത്തെ നേരിയ കാലാവസ്ഥ, പ്രതീക്ഷിച്ചതിലും കൂടുതൽ ഗ്യാസ് സംഭരണം, ഊർജ്ജം കുറച്ച് ഉപയോഗിക്കാനുള്ള ശ്രമങ്ങൾ, ഉയർന്ന വില കാരണം കിഴക്കൻ ഏഷ്യയിൽ ഡിമാൻഡ് കുറവ്, യൂറോപ്പിൽ റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് കുറച്ചു തുടങ്ങിയവ തുക കുറയുന്നതിന്റെ പ്രധാന കാരണങ്ങളാണ്.
Leave a Reply