ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പെയിനിൽ കാണാതായ 19 വയസ്സുകാരനായ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള തിരച്ചിൽ പുതിയ സന്നാഹങ്ങളുമായി പുനരാരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 19 വയസ്സ് പ്രായമുള്ള ജെയ് സ്ലേറ്ററിനെ ജൂൺ 17 തിങ്കളാഴ്ച മുതൽ ആണ് സ്പെയിനിലെ ടെനറൈഫിൽ നിന്ന് കാണാതായത്. ലങ്ക ഷെറിൽ നിന്നുള്ള ജെയ് സ്പാനിഷ് ദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. ഷോർട്ട്സും വെള്ള ടീഷർട്ടും ആണ് ജെയ് ധരിച്ചിരുന്നത്. ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത് . സംഭവം അറിഞ്ഞതിനെ തുടർന്ന് ജെയിയുടെ അമ്മ യുകെയിൽ നിന്ന് ടെനറൈഫിലേയ്ക്ക് പോയിട്ടുണ്ട്. വെള്ളിയാഴ്ച ഗാർഡിയ സിവിൽ സന്നദ്ധ സംഘടനകളോടും പ്രയാസകരമായ സാഹചര്യങ്ങളിൽ വൈദഗ്ധ്യമുള്ള പൊതുജനങ്ങളോടും വടക്കൻ ടെനറൈഫിലേക്ക് തിരച്ചിലിൽ പങ്കെടുക്കാനായി എത്തിച്ചേരാൻ ആവശ്യപ്പെട്ടിരുന്നു.
പരിചയസമ്പന്നരായ ഡസൻ കണക്കിന് പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും പോലീസും തിരച്ചിലിൽ പങ്കെടുക്കുന്നതിനെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പോലീസിനെയും അഗ്നിശമന സേനാംഗങ്ങളെയും പ്രത്യേക പരിശീലനം ലഭിച്ച ആളുകളെയും കൂടാതെ 12 ഓളം പ്രാദേശിക വാസികളും തിരച്ചിലിൽ പങ്കെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന്റെ അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായതായുള്ള സൂചനകൾ ഒന്നുമില്ലാത്തത് കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ജെയ് സ്ലേറ്ററിനായുള്ള തിരച്ചിൽ 12 ദിവസം പിന്നിടുകയാണ്. നിലവിലെ അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതു കൊണ്ട് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ സ്ഥലത്തെത്തിച്ച് തിരച്ചിൽ നടത്തുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു .
യുവാവിന്റെ മൊബൈലിലെ സിഗ്നലുകൾ അവസാനം കണ്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇവിടേയ്ക്ക് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ മാഡ്രിഡിൽ നിന്ന് എത്തിച്ച് തിരച്ചിൽ നടത്താനാണ് പോലീസ് പദ്ധതി തയ്യാറാക്കുന്നത്. ജെയിയെ കണ്ടെത്താൻ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് സാൻ്റിഗോ ഡെൽ ടെയ്‌ഡിലെ മേയർ എമിലിയോ നവാരോ പറഞ്ഞു. തൻറെ ഫോൺ 1% മാത്രം ബാറ്ററി ബായ്ക് അപ്പ് ഉള്ളുവെന്നും തനിക്ക് വെള്ളത്തിൻറെ ആവശ്യമുണ്ടെന്നും ജെയ് സ്ലേറ്റർ അവസാനമായി തൻറെ കൂട്ടുകാരിക്ക് അയച്ച സന്ദേശമാണ് പോലീസിന് അവന്റെ തിരോധാനത്തെ കുറിച്ചുള്ള അവസാന സൂചന.
Leave a Reply