ന്യൂസ് ഡെസ്ക് മലയാളം യുകെ

ഭർത്താവായ ഫിലിപ്പ് രാജകുമാരൻെറ മരണത്തിനു ശേഷമുള്ള ആദ്യ ക്രിസ്‌തുമസ്‌ സന്ദേശത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രാജ്ഞിയുടെ ക്രിസ്‌തുമസ്‌ സന്ദേശം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ക്രിസ്‌തുമസ് ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുമെന്നത് എന്തുകൊണ്ടാണെന്ന് താൻ ഈ വർഷം മനസ്സിലാക്കുന്നുവെന്ന് അവർ തൻെറ സന്ദേശത്തിൽ പറഞ്ഞു. ഉത്സവ കാലയളവിൽ അദ്ദേഹത്തിൻറെ സാന്നിധ്യം താൻ അനുഭവിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഫിലിപ്പ് രാജകുമാരനോടൊപ്പമുള്ള ഫോട്ടോയ്ക്ക് അരികിൽ ഇരുന്നാണ് രാജ്ഞി തൻെറ ഭർത്താവായ എഡിൻബർഗിലെ ഡ്യൂക്ക് ആയിരുന്ന ഡ്യൂക്കിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

ജീവിതത്തിൽ ആദ്യ കണ്ടുമുട്ടലുകൾ പോലെ തന്നെ അവസാനമായുള്ള വേർപിരിയലുകളും ഉണ്ടാകുമെന്ന് അവർ തൻെറ സന്ദേശത്തിൽ പറഞ്ഞു. താനും കുടുംബവും അദ്ദേഹത്തെ ഓർക്കുന്നത് പോലെ തന്നെ അദ്ദേഹം തങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് തനിക്കറിയാമെന്ന് അവർ കൂട്ടിച്ചേർത്തു. 2007-ൽ രാജ്ഞിയുടെ ഡയമണ്ട് വിവാഹ വാർഷിക വേളയിൽ എടുത്ത ഫോട്ടോഗ്രാഫ് ആയിരുന്നു പ്രക്ഷേപണ സമയം കാണാൻ സാധിച്ചത്. ഈ ഫോട്ടോയിൽ കാണുന്ന അതേ നീലക്കൽ ബ്രൂച്ച് ആയിരുന്നു സന്ദേശം നൽകാനായി രാജ്ഞി ധരിച്ചിരുന്നത്. 1947-ലെ ഹണിമൂൺ ദിനത്തിലും അവർ ഇതേ ബ്രൂച്ച് ആയിരുന്നു അണിഞ്ഞിരുന്നത്. പുതിയ തലമുറയ്ക്ക് അധികാരത്തിൻെറ ബാറ്റൺ കൈമാറുന്നതിൻെറ പ്രാധാന്യത്തെപ്പറ്റിയും 95 വയസ്സുകാരിയായ രാജ്ഞി തൻെറ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. വിൻഡ്‌സർ കാസ്റ്റിലിൽ റെക്കോർഡ് ചെയ്ത ഈ ക്രിസ്‌തുമസ്‌ സംപ്രേഷണം ശരത്കാലത്തെ ചടങ്ങുകളിൽ നിന്ന് രാജ്ഞി പിന്മാറിയതിനുശേഷമുള്ള ഏറ്റവും വിപുലമായ ഒന്നാണ്.