കൊല്ലം: കല്ലുവാതുക്കലില്‍ പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച രേഷ്മയുടെ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ഒരേസമയത്ത് രണ്ട് അനന്തുമാരോട് രേഷ്മ പ്രണയം നടിച്ച് സംസാരിച്ചു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജയില്‍പ്പുള്ളിയായ അനന്തുപ്രസാദുമായി രേഷ്മ സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരം. ജയില്‍പ്പുള്ളിയായ അനന്തുവിനോടും അനന്തു എന്ന ഫേക്ക് ഐഡിയോടും രേഷ്മ ഒരേസമയം സംസാരിച്ചിരുന്നത്രേ.
ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് ഉണ്ടാക്കിയ അനന്തു എന്ന വ്യാജ ഐഡിയോട് രേഷ്മ ചാറ്റ് ചെയ്തിരുന്നു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ രേഷ്മയോട് സംസാരിക്കുകയും ചെയ്തതാണ്. ചാത്തന്നൂര്‍ സ്വദേശിയായ അനന്തുപ്രസാദ് എന്ന ആളുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായും രേഷ്മ വെളിപ്പെടുത്തി. ഈ അനന്തുപ്രസാദ് രേഷ്മയെ കബളിപ്പിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ രേഷ്മ സമ്മതിച്ചിട്ടുണ്ടത്രെ.
രേഷ്മ ഒന്നര വര്‍ഷം മുന്‍പ് അനന്തുവിനെ കാണാന്‍ വേണ്ടി വര്‍ക്കലയില്‍ പോയിരുന്നു. ഇത് ഏത് അനന്തു ആണ് എന്ന കാര്യത്തില്‍ പോലിസിന് വിവരങ്ങള്‍ ലഭ്യമല്ല. രേഷ്മയുടെ ചാറ്റ് വിവരങ്ങള്‍ തേടി പോലീസ് ഫേസ്ബുക്കുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഗ്രീഷ്മയും ആര്യയും വെവ്വേറെ വ്യാജ ഐഡികളുണ്ടാക്കി അനന്തു എന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നതായും വിവരമുണ്ട്. എന്തായാലും ഒന്നിലധികം അനന്തു എന്ന ഐഡിയുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്.
അനന്തുവിനോടൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് താന്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് രേഷ്മയുടെ മൊഴി. എന്നാല്‍ ഇത് സത്യമാണോ എന്നും പോലീസ് തിരയുന്നുണ്ട്. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ രേഷ്മ തീരുമാനിച്ചതിന് പിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കോവിഡ് ബാധിതയായി കഴിയുന്ന രേഷ്മയെ ജയിലില്‍ വെച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. സൈക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഫേസ്ബുക്കില്‍ താന്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്ന അനന്തു എന്ന ഐഡിക്ക് പിന്നില്‍ ആര്യയും ഗ്രീഷ്മയുമാണ് എന്ന കാര്യം വിശ്വസിക്കാന്‍ ആദ്യമൊന്നും രേഷ്മ തയ്യാറായില്ല. അവര്‍ രണ്ടുപേരും ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നാണ് രേഷ്മ തറപ്പിച്ച് പറഞ്ഞത്. എന്നാല്‍ പോലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം രേഷ്മയ്ക്ക് ബോധ്യമാക്കിക്കൊടുക്കുകയായിരുന്നു. ഇരുവരുടെയും മരണവിവരം പോലും രേഷ്മയെ നേരിട്ട് അറിയിച്ചിട്ടില്ല.
ഈ വര്‍ഷം ജനുവരി അഞ്ചാം തീയതിയാണ് കല്ലുവാതുക്കല്‍ ക്ഷേത്രത്തിന് സമീപത്തുള്ള റബര്‍ തോട്ടത്തിലെ കുഴിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. രേഷ്മയുടെ കാമുകനായി നടിച്ച് ചാറ്റ് ചെയ്ത ഗ്രീഷ്മ, ആര്യ എന്നീ യുവതികളെ ഇത്തിക്കരയാറ്റില്‍ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രേഷ്മയുടെ അറസ്റ്റിന് ശേഷം പോലീസ് ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിച്ച ഇരുവരെയും കാണാതാകുകയായിരുന്നു.
കബളിപ്പിച്ചത് ഒന്നരവര്‍ഷം
ബാങ്ക് ഉദ്യോഗസ്ഥനായ അനന്തു എന്ന വ്യാജേന ഒന്നര വര്‍ഷത്തിലധികമാണ് ഗ്രീഷ്മയും ആര്യയും രേഷ്മയോട് ചാറ്റ് ചെയ്തത്. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ച് ബന്ധുക്കളോട് പറഞ്ഞതിന്റെ പേരില്‍ ഗ്രീഷ്മയ്ക്ക് തന്നോട് വൈരാഗ്യം തോന്നാന്‍ ഇടയുണ്ട് എന്നാണ് രേഷ്മ വിശ്വസിക്കുന്നത്. അനന്തു എന്നൊരാള്‍ ഉണ്ട് എന്നും അനന്തുവിനെ കാണാനായി താന്‍ വര്‍ക്കലയിൽ പോയിരുന്നു എന്നും രേഷ്മ പറയുന്നുണ്ട്.
Leave a Reply