ലണ്ടന്‍: ഏപ്രില്‍ മുതല്‍ പുതുക്കിയ വാഹന എക്‌സൈസ് ഡ്യൂട്ട് പ്രാബല്യത്തിലാകുന്നു. വാഹനങ്ങളുടെ വില ഇതോടെ കുതിച്ചുയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ വാഹനങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ ഏപ്രിലിനു മുമ്പ് അവ വാങ്ങുകയോ അല്ലെങ്കില്‍ പുതിയ നികുതി നിലവില്‍ വരുന്നതിനായി കാത്തിരിക്കുകയോ ചെയ്യാം. കാരണം ഇത് നിങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന വാഹനത്തിന്റെയും അതിന്റെ കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളലിന്റെ അളവിനെയും ആശ്രയിച്ചിരിക്കുന്നു. നികുതി സമ്പ്രദായത്തിലെ മാറ്റങ്ങള്‍ മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ആണ് അവതരിപ്പിച്ചത്. പഴയ രീതിയനുസരിച്ച് കാര്‍ വാങ്ങുന്നവര്‍ റോഡ്ടാക്‌സ് ആയി വളരെ കുറഞ്ഞ തുക മാത്രമായിരുന്നു നല്‍കിയിരുന്നത്. ഇത് സര്‍ക്കാരിന് കോടികളുടെ നഷ്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്.
പുതിയ രീതിയനുസരിച്ച് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ വര്‍ഷം നികുതിയിനത്തില്‍ പഴയതിലും കൂടുതല്‍ പണം നല്‍കേണ്ടതായി വരും. രണ്ടാമത്തെ വര്‍ഷം മുതല്‍ 140 പൗണ്ട് വീതമായിരിക്കും നല്‍കേണ്ടി വരിക. എന്നാല്‍ നിങ്ങളുടെ കാര്‍ ഹൈബ്രിഡ് അല്ലെങ്കില്‍ എല്‍പിജി, ബയോഎത്തനോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ നികുതിയില്‍ 10 പൗണ്ട് വീതം കുറവുണ്ടാകും. 2017 ഏപ്രിലിനു മുമ്പ് രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ഇത് ബാധകമായിരിക്കില്ലെന്നാണ് വിവരം.
കാര്‍ബണ്‍ എമിഷന്‍ കുറവുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതാണ് നിലവിലുള്ള രീതി. എന്നാല്‍ പുതുക്കിയ നിയമമനുസരിച്ച് ഇലക്ട്രിക്, ഹൈഡ്രജന്‍ കാറുകള്‍ക്ക് മാത്രമേ ഈ നികുതിയിളവ് ലഭിക്കൂ. 40,000 പൗണ്ടിനു മേല്‍ വിലവരുന്ന കാറുകള്‍ക്ക് ഒരു അഞ്ചു വര്‍ഷ സപ്ലിമെന്റ് കൂടി നല്‍കണം. 310 പൗണ്ടാണ് ഈയിനത്തില്‍ ഈടാക്കുന്നത്. ഓട്ടോ എക്‌സ്പ്രസ് നടത്തിയ കണക്കുകൂട്ടലില്‍ ചെറിയ കാറുകള്‍ വാങ്ങുന്നവരെയാണ് നികുതി വര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിക്കുക. ചില കാറുകളുടെ കാര്യത്തില്‍ നിലവില്‍ നല്‍കുന്നതിന്റെ 9 മടങ്ങ് തുക നല്‍കേണ്ടി വരും.
കാര്‍ബണ്‍ എമിഷന്‍ കൂടുതലുള്ള കാറുകള്‍ക്ക് പുതുക്കിയ നിയമമനുസരിച്ചും കൂടുതല്‍ നികുതി നല്‍കേണ്ടി വരും. പ്യൂഷോ 208 1.2 പ്യുവര്‍ ടെക് കാറുകള്‍ക്ക് ഇപ്പോള്‍ ഒരു വര്‍ഷം നല്‍കേണ്ടി വരുന്നത് 20 പൗണ്ടാണ്. ഏപ്രില്‍ മുതല്‍ ഇത് 140 പൗണ്ടായി മാറും. മൂന്നു വര്‍ഷംകൊണ്ട് 9 മടങ്ങ് വര്‍ദ്ധന നികുതിയില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന എമിഷന്‍ ഉള്ള ഹോണ്ട സിആര്‍വി 2.0i VTEC SE കാറിന് ഇപ്പോള്‍ നല്‍കുന്ന 300 പൗണ്ട് 800 പൗണ്ടായി ഉയരും. അതേ സമയം വാര്‍ഷിക നികുതി 210 പൗണ്ടില്‍ നിന്ന് 70 പൗണ്ടായി കുറയുകയും ചെയ്യും. അതായത് ഇത്തരം കാറുകള്‍ക്ക് ഏപ്രില്‍ മുതല്‍ വില കുറയും.
പുതുക്കിയ നികുതി പ്രാബല്യത്തിലാകുന്നതിനു മുമ്പ് കാറുകളുടെ വില്‍പനയില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രീ രജ്‌സ്‌ട്രേഷനുകളും വര്‍ദ്ധിക്കും. ഇത്തരം വാഹനങ്ങള്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് റീട്ടെയിലേഴ്‌സും പറയുന്നത്.