ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വീശിയടിച്ച ശക്തമായ കാറ്റും കനത്ത മഴയും മൂലം നിരവധി പുതുവർഷാഘോഷ പരിപാടികൾ റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതികൂലമായ കാലാവസ്ഥ മൂലം യുകെയിൽ ഉടനീളം കടുത്ത യാത്ര തടസ്സങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം വ്യോമഗതാഗതത്തിലും വ്യാപകമായ തടസ്സങ്ങൾ നേരിട്ടിരുന്നു. മോശം കാലാവസ്ഥയും റോഡ് വ്യോമ ഗതാഗത മാർഗ്ഗങ്ങളിലെ യാത്ര തടസ്സവുമാണ് വ്യാപകമായി പുതുവർഷാഘോഷങ്ങൾ റദ്ദാക്കുന്നതിന് കാരണമായത്.
ബ്ലാക്ക് പൂൾ , ന്യൂകാസിൽ, ഐൽ ഓഫ് വൈറ്റ്, നോർത്ത് യോർക്ക്ഷെയർ എന്നിവിടങ്ങളിലെ പ്രശസ്തമായ ന്യൂ ഇയർ ആഘോഷങ്ങൾ റദ്ദാക്കിയതിൽ പെടുന്നു. എഡിൻബർഗിൽ ഹോഗ്മാനേ ഫെസ്റ്റിവൽ നേരത്തെ റദ്ദാക്കിയിരുന്നു. ലോസ്‌ഫോക്കിലെ സഫോക്കിൽ പുതുവത്സര ദിനത്തിൽ ഷെഡ്യൂൾ ചെയ്തിരുന്ന രണ്ട് വെടിക്കെട്ട് പ്രദർശനങ്ങൾ ശനിയാഴ്ച വരെ മാറ്റിവച്ചു. സുരക്ഷയാണ് പ്രധാന പ്രശ്‌നമെന്ന് സംഘാടകർ പറഞ്ഞു.
വടക്കൻ സ്കോട്ട് ലൻഡിൽ കനത്ത മഴയുണ്ടാകുമെന്ന ആംബർ വൺ എന്ന ഏറ്റവും ഗുരുതര സ്വഭാവമുള്ള മുന്നറിയിപ്പാണ് നിലവിലുള്ളത്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും പുതുവർഷ രാവിൽ വൈകുന്നേരം 6 മണി മുതൽ കനത്ത മഴയുണ്ടാകും എന്ന 24 മണിക്കൂർ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. പുതുവത്സര ദിനത്തിൽ വെയിൽസിലും ഇംഗ്ലണ്ടിൻ്റെ തെക്കൻ ഭാഗങ്ങളിലും യെല്ലോ മുന്നറിയിപ്പ് ഉണ്ട്. മണിക്കൂറിൽ 75 മൈൽ (120 കിമീ/മണിക്കൂർ) വരെ വേഗതയുള്ള തീരദേശ കാറ്റ് ആണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കൻ അയർലൻഡിലുടനീളം പുതുവത്സര രാവിൽ ഉച്ചയ്ക്ക് 2 മണി വരെ ശക്തമായ കാറ്റിന് യെല്ലോ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു. നോർത്ത് യോർക്ക് ഷെയറിലും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു . പ്രതികൂല കാലാവസ്ഥ മൂലം റിപ്പൺ സിറ്റി കൗൺസിൽ മാർക്കറ്റ് സ്ക്വയറിലെ നടക്കാനിരുന്ന സംഗീത നൃത്ത കലാ പ്രകടനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
Leave a Reply