ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂയോർക്ക് : ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വച്ചു. നിലവിലെ സാഹചര്യത്തിൽ തനിക്ക് ചെയ്യാനാവുന്ന ഏറ്റവും ഉചിതമായ കാര്യം ഭരണ പദവിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് രാജി പ്രഖ്യാപിച്ച് കൊണ്ട് ക്യൂമോ പറഞ്ഞു. രാജി 14 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് ഇത്. പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് രാജിവയ്ക്കാൻ ക്യൂമോ സമ്മർദ്ദം നേരിട്ടിരുന്നു. ക്യൂമോയുടെ രാജിയോടെ ന്യൂയോർക്കിന്റെ ആദ്യ വനിത ഗവർണർ ആയി ലഫ്റ്റനന്റ് ഗവർണർ കാത്തി ഹോച്ചുൽ മാറി. ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ സ്വതന്ത്ര അന്വേഷണത്തിൽ 63 കാരനായ ക്യൂമോ, സർക്കാർ ജീവനക്കാർ ഉൾപ്പെടെ 11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പീഡന പരാതിയിൽ 2020 ലാണ് ഗവർണർക്കെതിരെ അന്വേഷണം ആരംഭിച്ചത്. ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും സമ്മതമില്ലാതെ തങ്ങളെ ചുംബിച്ചുവെന്നും സ്ത്രീകൾ ആരോപിച്ചു. ഇതിനെ തുടർന്നാണ് ക്യൂമോ രാജി വയ്ക്കാൻ നിർബന്ധിതനായത്.
ആൻഡ്രൂ ക്യൂമോയുടെ മുതിർന്ന സെക്രട്ടറി മെലിസ ഡെറോസ ഞായറാഴ്ചയാണ് രാജി വച്ചത്. കോവിഡ് നിയന്ത്രണനടപടികളിലൂടെ ഏറെ ശ്രദ്ധ നേടിയ ക്യൂമോ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുകയും രാജിയാവശ്യവുമായി ബന്ധപ്പെട്ടുള്ള ഫോൺ കോളുകൾ നിരസിക്കുകയും ചെയ്തിരുന്നു. എന്നാൽ രാജി വെയ്ക്കണമെന്ന് പ്രസിഡന്റ് ബൈഡനും വൈറ്റ് ഹൗസ് വക്താവും ശക്തമായി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായ ശേഷം ഇംപീച്ച്‌മെന്റ് നടപടികളിലേയ്ക്ക് കടന്നപ്പോഴാണ് ഈ രാജി. അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിലൊരാളായ ക്യൂമോയുടെ പടിയിറക്കം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
അനാവശ്യമായി ശരീരഭാഗങ്ങളിൽ സ്പർശിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നിവയിലൂടെ ക്യൂമോ വനിതാ ഉദ്യോഗസ്ഥർക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെടെ നിരവധി പേരാണ് കുമോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. അഞ്ചുമാസത്തോളം നീണ്ട ആരോപണങ്ങള്‍ക്കുശേഷമാണ് ക്യൂമോയുടെ രാജി പ്രഖ്യാപനം. ആരോപണങ്ങൾ, പെൺമക്കളുമായുള്ള തന്റെ ബന്ധത്തെ ദോഷകരമായി ബാധിച്ചുവെന്ന് ക്യൂമോ വെളിപ്പെടുത്തി.
Leave a Reply