ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സർവ്വകലാശാലകളിൽ സെക്ഷ്വൽ കൺസന്റ് ടെസ്റ്റ്‌ (Sexual Consent Test) വേണമെന്ന് വിദ്യാർത്ഥികൾ. സർവ്വകലാശാലയുടെ തുടക്കത്തിൽ തന്നെ ‘ലൈംഗിക സമ്മതം’ എന്ന വിഷയത്തിൽ നിർബന്ധിത ടെസ്റ്റ്‌ നടത്തണമെന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും കരുതുന്നു. ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർവേയിൽ 58% വിദ്യാർത്ഥികൾ ഈ ആശയത്തെ പൂർണമായി പിന്തുണച്ചു. കാമ്പസിലെ ലൈംഗിക പീഡനത്തെക്കുറിച്ച് സർവ്വകലാശാലകൾ മുന്നറിയിപ്പ് നേരിട്ടിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ നടത്തിയ തിങ്ക് ടാങ്കിന്റെ സർവേയിൽ നാലിലൊന്ന് പേർ മാത്രമേ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ നൽകുന്നുണ്ടെന്ന് കരുതുന്നുള്ളൂ. ലൈംഗിക സമ്മതത്തെക്കുറിച്ച് സമഗ്രമായ ധാരണയുണ്ടാക്കാൻ ഇത് സഹായിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ചുള്ള അനുഭവവും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2020 ഓഗസ്റ്റിൽ ബിരുദ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ സർവേയിൽ 43% പേർ സർവ്വകലാശാലയിൽ പോകുന്നതിനുമുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും 25% പേർ ആരെയും ചുംബിച്ചിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. പുരുഷ വിദ്യാർത്ഥികളിൽ, 66% വിദ്യാർത്ഥിയായിരിക്കെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും 53% സ്ത്രീ വിദ്യാർത്ഥികൾ അവരുടെ യൂണിവേഴ്സിറ്റി കാലയളവിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും സർവേ ഫലം വെളിപ്പെടുത്തുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്തിലുമുപരി കൂട്ടുകാരെ കണ്ടെത്തുന്നതാണ് യൂണിവേഴ്സിറ്റിയിൽ പ്രധാനമെന്ന് 58% വിദ്യാർത്ഥികൾ പറഞ്ഞു.

വിദ്യാർത്ഥികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് കൂടുതൽ വിശ്വസനീയമായ തെളിവുകൾ നൽകുകയെന്നതാണ് സർവേയിലൂടെ ലക്ഷ്യമിടുന്ന കാര്യമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രധാന പരിവർത്തന കാലം ഏതാണെന്നു തിരിച്ചറിയാൻ ഈ റിപ്പോർട്ട്‌ സഹായിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ നിക്ക് ഹിൽമാൻ പറഞ്ഞു.