കാട്ടുപ്പന്നിയുടെ മാംസം കഴിച്ച മലയാളി കുടുംബത്തിലെ മൂന്ന് പേർ ഭക്ഷ്യവിഷബാധയേറ്റ് ന്യൂസിലാന്‍റിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി ബാബു, മാതാവ് ഏലിക്കുട്ടി എന്നിവരാണ് വൈകിട്ടോ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വീട്ടിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 1983ന് ശേഷം ഇതാദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഇവരെ ചികില്‍സിക്കുന്ന ഡോക്‌ടര്‍മാര്‍ പറയുന്നു. ഇവരുടെ ഒന്നും ഏഴും വയസ് പ്രായമായ രണ്ട് കുട്ടികൾ ഇറച്ചി കഴിക്കാത്തതിനാൽ വിഷബാധയേൽക്കാതെ രക്ഷപ്പെട്ടു. ദ ടെലഗ്രാഫ് ന്യൂസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ മലയാളി കുടുംബത്തിന്റെ അപകടം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് ഇവരെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടതെന്ന് ഇവരുടെ കുടുംബസുഹൃത്തായ ജോജി വർഗീസ് പറയുന്നു.
ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം ശക്തമായ ഛർദി അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ബാബു എമർജൻസി സർവീസിൽ സഹായം തേടി. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര ഭക്ഷ്യവിഷബാധയാണ് അപകട കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂവരും പ്രതികരിക്കുന്നുമില്ല. ചുരുങ്ങിയത് രണ്ട് മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ ചികിൽസയിൽ പുരോഗതി കാണാനാകൂ എന്നാണ് വിദഗ്ദ മെഡിക്കൽ സംഘം പറയുന്നത്. അഞ്ച് വർഷം മുമ്പാണ് ഇവർ ന്യൂസിലൻറിൽ എത്തിയത്. മാതാവ് സമീപകാലത്ത് വിസിറ്റിങ് വിസയിൽ എത്തിയതുമായിരുന്നു.
വേട്ടയാടി കഴിച്ച കാട്ടുപ്പന്നിയുടെ മാംസമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് നിഗമനം. ന്യൂസിലാന്‍റിലെ ആരോഗ്യവകുപ്പ് അപകട കാരണം പരിശോധിച്ചുവരികയാണ്. ആരോഗ്യ അവസ്ഥയിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ ഷിബുവിന്റെ രണ്ട് കുട്ടികളെയും ‘ഹാമിൽട്ടൺ മാർത്തോമാ കോൺഗ്രിഗേഷന്റെ’ സംരക്ഷണയിൽ പാർപ്പിച്ചിരിക്കുകയാണ്.
അതേസമയം, മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായുള്ള ചികിത്സക്കായി ഭീമമായ തുക ആവശ്യമായി വന്നിരിക്കുകയാണ്. ബാബുവിന്റെ മാതാവ് വിസിറ്റിങ് വിസയിൽ എത്തിയതിനാൽ ഇവർക്ക് ഇൻഷുറൻസ് സൗകര്യം പോലും ലഭിക്കില്ല. ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ ശ്രമം ആരംഭിച്ചു. ചികിൽസക്ക് ആവശ്യമായ ഭീമമായ തുക സമാഹരിക്കാൻ ഹാമിൽടൺ മാർത്തോമ സഭ തുക സമാഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്ക് എല്ലാവരുടെയും സഹായങ്ങൾ പ്രവഹിക്കണമെന്ന് സുഹൃത്തുക്കൾ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യർഥനയുമായി എത്തിയിട്ടുണ്ട്.
Leave a Reply