വെല്ലിങ്‌ടൺ: ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം പൂർത്തിയായി. വെളിച്ചക്കുറവുമൂലം ഇന്നത്തെ കളി നേരത്തെ അവസാനിപ്പിച്ചു. അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ ന്യൂസിലൻഡ് 216 റൺസ് നേടിനിൽക്കുമ്പോഴാണ് കളി അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്‌സിൽ ന്യൂസിലൻഡിനു 51 റൺസിന്റെ ലീഡുണ്ട്. ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 165 റൺസ് മാത്രമാണ് നേടിയത്.
ന്യൂസിലൻഡിനു വേണ്ടി നായകൻ കെയ്‌ൻ വില്യംസൺ 89 റൺസ് നേടി ടോപ് സ്‌കോററായി. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വില്യംസണെ ഷമിയാണ് പുറത്താക്കിയത്. റോസ് ടെയ്‌ലർ (44), ടോം ബ്ലഡൽ (30) എന്നിവരും ന്യൂസിലൻഡിനുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ജെ.ബി. വാട്‍ലിങ് (14), കോളിൻ ഡി ഗ്രാൻഡ്ഹോം (നാല്) എന്നിവരാണ് ഇന്ന് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്.
ഇന്ത്യയ്‌ക്കുവേണ്ടി ഇഷാന്ത് ശർമ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മൊഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. പരുക്കിനുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ബുംറയുടെ വിക്കറ്റ് വരൾച്ച ഇപ്പോഴും തുടരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് കിവീസ് ബോളർമാർ കനത്ത പ്രഹരമാണ് നൽകിയത്. മുൻനിര വിക്കറ്റുകളെല്ലാം അതിവേഗം നഷ്‌ടമായി. 46 റൺസ് നേടിയ അജിങ്ക്യ രഹാനെയും 34 റൺസ് നേടിയ മായങ്ക് അങ്കർവാളും മാത്രമാണ് ഇന്ത്യയ്‌ക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്.
Leave a Reply