അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ന്യൂസിലന്‍ഡിന് നാല് വിക്കറ്റ് വിജയം. നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ചുറി പ്രകടനമാണ് കിവികള്‍ക്ക് വിജയമൊരുക്കിയത്. അവസാന ഓവറില്‍ സിക്‌സടിച്ചാണ് വില്യംസണ്‍ സെഞ്ചുറി തികച്ചത്. തൊട്ടടുത്ത പന്തില്‍ വില്യംസണ്‍ തന്നെ വിജയ റണ്ണും കണ്ടെത്തി. മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് ന്യൂസിലന്‍ഡ് വിജയതീരത്തെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ സെമി മോഹങ്ങളും മങ്ങിയിരിക്കുകയാണ്. കെെ വെള്ളയിലുണ്ടായിരുന്ന കളിയാണ് ദക്ഷിണാഫ്രിക്ക കെെ വിട്ടത്.
ഓപ്പണര്‍ കോളിന്‍ മണ്‍റോയെ ഒമ്പത് റണ്‍സിന് പുറത്താക്കി ന്യൂസിലന്‍ഡിനെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്ക ഉലച്ചു. എന്നാല്‍ നായകന്‍ വില്യംസണ്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലുമൊത്ത് ടീമിനെ മുന്നോട്ട് നയിച്ചു. 35 റണ്‍സെടുത്ത ഗുപ്റ്റില്‍ ഹിറ്റ് വിക്കറ്റായതോടെ ആ കൂട്ടുകെട്ട് തകര്‍ന്നു. പിന്നാലെ വന്ന റോസ് ടെയ്‌ലറും ടോം ലാഥവും ഒരു റണ്‍ മാത്രമെടുത്ത് പുറത്തായതോടെ കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിലായി. രണ്ടു പേരേയും മടക്കിയയച്ചത് ക്രിസ് മോറിസായിരുന്നു.
പക്ഷെ വില്യംസണ്‍ ജയിക്കാനുറച്ചു തന്നെയായിരുന്നു ഇറങ്ങിയത്. ആദ്യം ജിമ്മി നീഷത്തെ കൂട്ടുപിടിച്ച് വില്യംസണ്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. പക്ഷെ 23 റണ്‍സെടുത്ത നീഷമിനെ പുറത്താക്കി മോറിസ് വീണ്ടും ദക്ഷിണാഫ്രിക്കയെ ഒപ്പമെത്തിച്ചു. എന്നാല്‍ ഗ്രാന്റ്‌ഹോം വില്യംസണിനൊപ്പം ചേര്‍ന്നതോടെ കളി വീണ്ടും കിവികള്‍ക്ക് അനുകൂലം. 47 പന്തുകളില്‍ 60 റണ്‍സ് എടുത്ത് ഗ്രാന്റ്‌ഹോം പുറത്തായെങ്കിലും കളി അപ്പോഴേക്കും പൂര്‍ണമായും കിവികളുടെ കൈയ്യിലായിരുന്നു. അവസാന ഓവറില്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. സിക്‌സിലൂടെ ന്യൂസിലന്‍ഡിനെ ഒപ്പമെത്തിച്ച വില്യംസണ്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ വിജയ റണ്ണും നായകന്‍ നേടി. 138 പന്തില്‍ 108 റണ്‍സാണ് വില്യംസണ്‍ നേടിയത്.
നേരത്തെ, മധ്യനിരയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മഴമൂലം 49 ഓവറാക്കി ചുരുക്കി മത്സരത്തില്‍ ടോസ് നേടിയ കിവികള്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
തുടക്കത്തില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ കൂട്ടുപിടിച്ച് ഹാഷിം അലം പതിയെ സ്‌കോര്‍ ഉയര്‍ത്തി. 23 റണ്‍സെടുത്ത ഡുപ്ലെസിസിനെ പുറത്താക്കി ഫെര്‍ഗൂസണ്‍ കിവികള്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ എയ്ഡന്‍ മര്‍ക്രം വന്നതോടെ കളി വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി.
അര്‍ധ സെഞ്ചുറിയെടുത്ത അംലയെ സാന്റ്‌നറാണ് പുറത്താക്കിയത്. മര്‍ക്രം 38 റണ്‍സുമായി പുറത്തായി. മധ്യനിരയില്‍ വാന്‍ ഡര്‍ ഡസെനും ഡേവിഡ് മില്ലറും പൊരുതി. വലിയ അടികളുണ്ടായില്ലെങ്കിലും സ്‌കോര്‍ പതിയെ മുന്നോട്ട് നീങ്ങി. ഡസെന്‍ 64 പന്തില്‍ 67 റണ്‍സ് നേടി. മില്ലര്‍ 37 പന്തില്‍ 36 റണ്‍സും. മൂന്ന് വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനാണ് ന്യൂസിലന്‍ഡ് ബോളര്‍മാരില്‍ താരം. ട്രെന്റ് ബോള്‍ട്ടും സാന്റ്‌നറും ഗ്രാന്റ്‌ഹോമും ഒാരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Leave a Reply