മാഞ്ചസ്റ്റര്‍: ജനിച്ച് ഒരു ദിവസത്തിനുള്ളില്‍ ഇരട്ടക്കുട്ടികളിലൊരാള്‍ തലച്ചോറിലെ ക്ഷതം മൂലം മരിക്കാനിടയായ സംഭവം ഇന്ത്യക്കാരിയായ ഡോക്ടറുടെ വീഴ്ചയെന്ന്് ആരോപണം. പ്രസവ ചികിത്സയിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ 2012ലാണ് സംഭവം നടന്നത്. സിസേറിയന്‍ ശസ്ത്രക്രിയക്കിടെ ശിശുവിനെ പാവയെയെന്നപോലെ വലിച്ചെടുത്തുവെന്നും ഇതിനെത്തുടര്‍ന്ന് തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ കോടതിയില്‍ മൊഴി നല്‍കി.
ഹാരി പേജ് എന്ന കുട്ടിയാണ് മരിച്ചത്. സഹോദരന്‍ ഒലി പുറത്ത് വന്ന് പതിമൂന്ന് മിനിറ്റിന് ശേഷമാണ് ഡോക്ടര്‍ ഹാരിയെ പുറത്തെടുത്തത്. കുഞ്ഞ് തല മുകളിലായാണ് കിടന്നിരുന്നതെന്നും ഡോക്ടര്‍ അനുപമാ റാം മോഹന്‍ കുഞ്ഞിന്റെ കാലില്‍ പിടിച്ച് ശക്തമായി വലിച്ചപ്പോള്‍ കഴുത്തിന് ക്ഷതം സംഭവിച്ചിരിക്കാം എന്നാണ് പിതാവ് ആരോപിക്കുന്നത്. കുട്ടി പിറ്റേദിവസം തന്നെ മരണത്തിന് കീഴടങ്ങി.
ഇന്ത്യയില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ അനുപമ ഒമാനില്‍ ജോലി ചെയ്ത ശേഷം സംഭവത്തിന് നാലുമാസം മുമ്പാണ് ജോണ്‍ റാഡ്ക്ലിഫില്‍ ചേര്‍ന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ ട്രെയിനിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അനുപമ എന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഇവര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാലും ശരീരവും വളരെ എളുപ്പം തന്നെ പുറത്ത് വന്നു. തല വരാന്‍ വൈകിയതോടെ അനുപമ ശക്തിയായി മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും വലിക്കാന്‍ തുടങ്ങി. അടുത്തുണ്ടായിരുന്ന സഹായി അവരെ ഇതിന് ശകാരിച്ചുവെന്നും കുഞ്ഞിന്റെ പിതാവ് ഓവെന്‍ പറഞ്ഞു.
കുറേനേരെ ഇവര്‍ ഒന്നും ചെയ്യാതെ നിന്നിട്ട് വീണ്ടും ഇതേ പ്രവര്‍ത്തികള്‍ തുടര്‍ന്നു. കുഞ്ഞിന്റെ കഴുത്ത് ഒടിഞ്ഞതായി തന്നെ താന്‍ കരുതി. കുഞ്ഞിനെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രസവ സമയത്ത് തലച്ചോറിലേറ്റ പരിക്കാണ് മരണകാരണമെന്ന് പിന്നീട് വ്യക്തമായി. തന്റെ മേലുളള ആരോപണങ്ങള്‍ അനുപമ നിഷേധിച്ചു. പ്രസവത്തിന്റെ രേഖകള്‍ സൂക്ഷിക്കുന്നതിലും ഇവര്‍ വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ട്. എന്നാല്‍ തനിക്കുമേല്‍ ചുമത്തിയിട്ടുളള കുറ്റങ്ങളും രേഖകളും വ്യാജമാണെന്നാണ് ഡോക്ടറുടെ വാദം.