ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്കൂളിൽ മരം വീണ് ആറ് വയസുകാരി മരിച്ച സംഭവത്തിൽ സ്കൂളിന് 280000 പൗണ്ട് പിഴ ചുമത്തി. 2020 സെപ്റ്റംബർ മാസം 5 -ന് ന്യൂകാസിലിലെ ഗോസ്ഫോർത്ത് പാർക്ക് ഫസ്റ്റ് സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. എല്ല ഹെൻഡേഴ്സൺ എന്ന ആറ് വയസുകാരിയാണ് അപകടത്തിൽ മരണപ്പെട്ടത്. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാ സ്കൂളുകളിലും ഏർപ്പെടുത്തണം എന്ന് നിയമം നിലനിൽക്കേയാണ് സ്കൂളിൽ ഇത്തരത്തിൽ ഒരു അപകടം സംഭവിച്ചതെന്ന് കേസിൽ കോടതി ചൂണ്ടിക്കാട്ടി. എല്ലയുടെ മരണത്തിന് കാരണമായ മരം വെട്ടിമാറ്റേണ്ടതായിരുന്നു എന്ന് സൗത്ത് ടൈനെസൈഡ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.
മരത്തിന്റെ കമ്പ് ഒടിഞ്ഞുവീണു മുൻപും നിരവധി കുട്ടികൾക്ക് പരിക്ക് ഏറ്റിട്ടുണ്ടെന്നും ഹെൽത്ത് ആന്റ് സേഫ്റ്റി എക്സിക്യൂട്ടീവിന് (എച്ച്എസ്ഇ) വേണ്ടി പ്രോസിക്യൂട്ട് ചെയ്ത ജെയിംസ് ടോവി പറഞ്ഞു. സ്കൂൾ മൈതാനത്തിനു സൈഡിൽ നിൽക്കുന്നതിനാൽ അപകടം തുടർകഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എല്ലയുടെ മുകളിൽ വീണത് ഭാരം കൂടുതലുള്ള ശിഖരം ആയതിനാൽ സ്കൂളിലെ സ്റ്റാഫുകൾക്ക് എടുത്തു മാറ്റാൻ കഴിയാതെ വന്നതാണ് മരണത്തിലേക്ക് നയിച്ചത്. മുൻപ് കുട്ടികൾക്കു മുകളിൽ മരചില്ല വീണപ്പോൾ എടുത്തു മാറ്റാൻ കഴിഞ്ഞിരുന്നു . എന്നാൽ എല്ലയ്ക്ക് മുകളിൽ വീണത് യഥാസമയം മാറ്റാൻ കഴിഞ്ഞില്ല. അതാണ് മരണത്തിലേക്ക് നയിച്ചത്’- അദ്ദേഹം പറഞ്ഞു.
അതേസമയം 2018 ഫെബ്രുവരിയിൽ തന്നെ മരം അപകടാവസ്ഥയില്ലാണെന്നും മുറിച്ചു മാറ്റണമെന്നും കൗൺസിൽ നിർദേശം നൽകിയിരുന്നു. സംഭവത്തിൽ ആദ്യം സ്കൂളിന് പിഴ ചുമത്തിയത് 420,000 പൗണ്ട് ആയിരുന്നു. എന്നാൽ പിന്നീട് കുറ്റസമ്മതം കണക്കിലെടുത്താണ് 280,000 പൗണ്ട് ആക്കിയത്. നിലവിൽ അധിക ചെലവുകൾക്കൊപ്പം, 15 മാസത്തിനുള്ളിൽ മൊത്തം £288,201.80 പിഴയായി ഒടുക്കണം.
Leave a Reply