മോഷ്ടാക്കളാണെന്നു കരുതി പോലീസ് പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ദമ്പതികള്‍ നിരപരാധികളെന്ന് സ്ഥിരീകരണം. ഞായറാഴ്ച വെസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ആക്ടണില്‍ എ 40 പാതയിലുണ്ടായ അപകടത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പാട്രിക് മക്‌ഡോണാ (19), ഭാര്യ ഷോണ (18) എന്നിവരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഷോണ വാലന്റൈന്‍സ് ദിനത്തില്‍ കുഞ്ഞിന് ജന്മം നല്‍കാനിരുന്നതാണ്. പിറക്കാനിരുന്ന പെണ്‍കുഞ്ഞിന് സിയെന്ന മാരി എന്ന പേരു പോലും ഇവര്‍ കണ്ടുവെച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. പോലീസ് അതിവേഗത്തില്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് റോഡില്‍ തെറ്റായ ദിശയിലേക്ക് കയറിയ ഇവരുടെ റെനോ മെഗാന്‍ കാര്‍ ഒരു കോച്ചുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്ന സ്ഥലത്തിന് 11 മൈല്‍ അകലെ ഹാരോയ്ക്ക് സമീപം പിന്നറില്‍ നാലംഗ അക്രമി സംഘം മൂന്നു പേരെ ഹണ്ടിംഗ് നൈഫും സ്‌ക്രൂഡ്രൈവറും കാട്ടി ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്ന സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സംഘത്തിന്റെ പത്തു പോലീസ് കാറുകളും ഒരു ഹെലികോപ്ടറുമാണ് ദമ്പതികളെ പിന്തുടര്‍ന്നത്. അക്രമികളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പോലീസ് ഇവരെ അതിവേഗത്തില്‍ പിന്തുടര്‍ന്നതെന്നാണ് വിശദീകരണം. പാട്രിക്കും ഷോണയും കാറിലുണ്ടായിരുന്ന പേരുവിവരങ്ങള്‍ ലഭ്യമല്ലാത്ത മറ്റൊരാളും കൊള്ള നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് നടത്തിയ ക്രാഷ് ഇന്‍വെസ്റ്റിഗേഷനില്‍ വ്യക്തമായി. ഇതിന്റെ റിപ്പോര്‍ട്ട് ഇന്‍ഡിപ്പെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ടില്‍ സമര്‍പ്പിച്ചു.

ദമ്പതികള്‍ ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസ് വാഹനങ്ങള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന റെനോ കാറിനെ പത്തു മിനിറ്റോളം പിന്തുടര്‍ന്നുവെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ട് പ്രസ്താവനയില്‍ അറിയിച്ചു. പക്ഷേ അതിനു ശേഷം പോലീസ് ഉദ്യമം ഉപേക്ഷിച്ചുവെന്നും നാഷണല്‍ പോലീസ് എയര്‍ സര്‍വീസ് ഹെലികോപ്ടര്‍ കാറിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് കൊള്ളയടിയില്‍ യാതൊരു പങ്കുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായ സ്ഥിതിക്ക് പോലീസ് നടപടിയില്‍ അന്വേഷണമുണ്ടാകുമെന്നും ഐഒപിസി അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നാമനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.