ലണ്ടന്‍: മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് പുതിയ പകര്‍ച്ചവ്യാധിയായ സിക വൈറസ്. കൊതുകുകള്‍ പകര്‍ത്തുന്ന ഈ വൈറസ് ബാധിക്കുന്ന ഗര്‍ഭിണികളുടെ കുട്ടികള്‍ക്ക് തലച്ചോറിന്റെ വലിപ്പം കുറയുന്ന മൈക്രോസെഫാലി എന്ന രോഗമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ജന്മവൈകല്യവുമായി പിറക്കുന്ന കുട്ടികളുടെ തലയ്ക്ക് വലിപ്പം കുറവായിരിക്കും. തലച്ചോറിന് ഗുരുതരമായ വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലില്‍ രണ്ടായിരത്തോളം കുട്ടികള്‍ ഈ വൈകല്യവുമായി പിറന്നു വീണു എന്നാണ് കണക്ക്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഈ രോഗം പടര്‍ന്നു പിടിച്ചതെങ്കിലും അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും രോഗം എത്തിയതായി കഴിഞ്ഞ ദവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ബ്രസീല്‍ കൂടാതെ മറ്റു പതിമൂന്നു രാജ്യങ്ങളിലാണ് പ്രധാനമായും സിക പടര്‍ന്നു പിടിച്ചത്. രോഗത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്ത്രീകള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭിണികളാകുന്നത് ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവും ഭരണകൂടങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ മൂന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. സിക വൈറസ് ബാധയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

രോഗലക്ഷണങ്ങള്‍

പനി, ശരീരത്ത് തടിച്ച പാടുകള്‍, സന്ധി വേദന, കണ്ണുകള്‍ക്ക് കടും ചുവപ്പ് നിറം എന്നിവയാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായ അഞ്ചില്‍ ഒരാള്‍ക്കു മാത്രമേ രോഗംമൂലമുള്ള അസ്വസ്ഥതകള്‍ പ്രകടമായി കണ്ടിട്ടുള്ളൂ. ഗര്‍ഭിണികളിലാണ് രോഗം ഏറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളെ ബാധിക്കുന്ന വൈറസ് കുട്ടികളില്‍ മൈക്രോസെഫാലി എന്ന അവസ്ഥ സൃഷ്ടിക്കുന്നു. ഈ രോഗം ബാധിച്ച കുട്ടികളാണ് വലിപ്പം കുറഞ്ഞ തലയുമായി ജനിക്കുന്നത്.

ഗര്‍ഭിണികള്‍ക്ക് രോഗം എങ്ങനെ ഗുരുതരമാകുന്നു

ബ്രസീലില്‍ കഴിഞ്ഞ വര്‍ഷം മൈക്രോസെഫാലി ബാധിച്ച 3000ത്തോളം കുട്ടികള്‍ പിറന്നതായാണ് കണക്ക്. 2014ല്‍ ഇത് 200 മാത്രമായിരുന്നു. സിക വൈറസ് മാത്രമാണോ ഈ അവസ്ഥയ്ക്ക് കാരണമെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എങ്കിലും സികയും ഇതിനു പിന്നിലുണ്ടെന്ന നിഗമനത്തിലാണ് വിദഗ്ദ്ധര്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

zika-1

രോഗവ്യാപനം

രോഗം പ്രധാനമായും വ്യാപിക്കുന്നതിനു കാരണം കൊതുകുകളാണ്. ഈഡിസ് ഈജിപ്തി വിഭാഗത്തിലുള്ള കൊതുകുകളാണ് രോഗാണു വാഹകര്‍. ഈ കൊതുകുകള്‍ തന്നെയാണ് ഡെങ്കി, മഞ്ഞപ്പനി എന്നീ രോഗങ്ങളും പടര്‍ത്തുന്നത്. രോഗാണു വഹിക്കുന്ന ഒരു കൊതുകിന്റെ കടിയേറ്റാലും രോഗം ബാധിക്കും. രോഗത്തിന് ഇതേവരെ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ല. ഈ രോഗം പടരാതിരിക്കാന്‍ കൊതുകുകളെ നിയന്ത്രിക്കുക മാത്രമാണ് ഏക മാര്‍ഗം. രോഗം പടര്‍ന്നിട്ടുള്ള രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അത്തരം സ്ഥലങ്ങളില്‍ പോകേണ്ടത് അനിവാര്യമാണെങ്കില്‍ കൊതുകുകടിയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

zika-2