വിമാനത്തിൽ കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ ഇന്ത്യൻ പൗരനായ യുവ ഡോക്ടർ അറസ്റ്റിൽ. സിയാറ്റില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനത്തിൽ യാത്ര ചെയ്ത വിജയകുമാർ കൃഷ്ണപ്പ (28)യാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞമാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനത്തിൽ തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിൽ കൃഷ്ണപ്പ ബോധപൂർവം സ്പർശിക്കുകയായിരുന്നു. ഡോക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച് പെണ്‍കുട്ടി എയർഹോസ്റ്റസിനോട് പരാതിപ്പെട്ടു. മാതാപിതാക്കളോടും കാര്യം പറഞ്ഞു. ഇതേതുടർന്ന് ഡോക്ടറെ മറ്റൊരു സീറ്റിലേക്ക് മാറ്റി അധികൃതർ പ്രശ്നത്തിന് താൽകാലിക പരിഹാരം കണ്ടു. എന്നാൽ വിമാനം നിലത്തിറങ്ങിയശേഷം ഇയാൾക്കെതിരേ നടപടി സ്വീകരിക്കാൻ അധികൃതർ തയറായില്ല.
ഇതേതുടർന്നാണ് മാതാപിതാക്കൾ എഫ്ബിഐക്ക് പരാതി നൽകിയത്. പിന്നീട് എഫ്ബിഐ വിമാനത്തിൽ യാത്ര ചെയ്തവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ പെണ്‍കുട്ടി കൃഷ്ണപ്പയെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിമാന അധികൃതർ ഡോക്ടറെ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പരാതിയിൽ ആരോപിക്കുന്നുണ്ട്. മെഡിക്കൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനാണ് കൃഷ്ണപ്പ യുഎസിൽ എത്തിയത്.
Leave a Reply