ന്യൂസ് ഡെസ്ക് മലയാളം യുകെ
ബിസിനസ് മീറ്റിംഗ് എന്നപേരിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ക്രിസ്മസ് പാർട്ടി നടത്തിയ സംഭവം ബ്രിട്ടനിൽ വൻ വിവാദമായി മാറുകയാണ് . പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷ എംപിമാരും രാജ്യം കോവിഡിൽ പകച്ചു നിന്നപ്പോൾ ഡൗണിങ് സ്ട്രീറ്റ് ആഘോഷങ്ങൾ സംഘടിപ്പിച്ചു എന്നതിൽ കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ക്രിസ്മസ് കാലയളവിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരുന്നത്. ആഘോഷങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലുകളും ജനങ്ങൾക്ക് വിലക്കിയ സമയത്ത് ഭരണ നേതൃത്വം നിരുത്തരവാദിത്വപരമായി പെരുമാറിയതായാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡ് മഹാമാരിമൂലം രാജ്യത്ത് അനേകർക്കാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായത് . വൈറസ് പിടിമുറുക്കിയത് മൂലം രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് കെയർ ഹോമുകളിലെ രോഗികളായ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കാണാൻ കഴിയാത്ത സ്ഥിതിവിശേഷവും ഉടലെടുത്തിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും പൊതുജനത്തെ പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായെന്ന വിമർശനവും ശക്തമാണ്.
കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റ് ഉദ്യോഗസ്ഥർ ബിസിനസ് മീറ്റിംഗ് എന്നപേരിൽ ക്രിസ്മസ് പാർട്ടി നടത്തിയതിൻെറ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു . നിയന്ത്രണങ്ങൾ കൂടാതെ ക്രിസ്മസ് പാർട്ടി ഒരുക്കാൻ ‘ബിസിനസ് മീറ്റിംഗ്’ എന്ന പേര് കണ്ടെത്തുകയായിരുന്നു. ഇത് മറച്ചുവയ്ക്കാൻ നടത്തിയ തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. പ്രധാനമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയായ അല്ലെഗ്ര സ്ട്രാട്ടണും നമ്പർ 10 ഡിജിറ്റൽ ഹെഡ് ആയ എഡ് ഓൾഡ് ഫീൽഡും നമ്പർ 9 ബ്രീഫിങ് റൂമിലിരുന്ന് ചോദ്യവും ഉത്തരവും പരസ്പരം പറഞ്ഞു പരിശീലിക്കുന്ന ദൃശ്യങ്ങളാണ് ഐടിവി ന്യൂസ് പുറത്തുവിട്ടത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് അറിയിച്ചു.
പാർട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബോറിസ് ജോൺസൺ മുമ്പ് വിസമ്മതിച്ചതിനെ തുടർന്നാണ് വീഡിയോ പുറത്തുവിട്ടത്. ദൃശ്യങ്ങൾ പുറത്തുവന്ന് സത്യം ബോധ്യമായതോടെ ബോറിസ് ജോൺസൻ മാപ്പ് പറയണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ 18 ന് ലണ്ടൻ ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലായിരുന്നപ്പോഴാണ് ഈ പാർട്ടി നടന്നത്. വിദേശകാര്യ ഓഫീസിൽ നടന്ന പ്രതിവാര കാബിനറ്റിൽ പങ്കെടുക്കാൻ ജോൺസൺ ഡിസംബർ 15-ന് ഡൗണിംഗ് സ്ട്രീറ്റ് വിട്ടിരുന്നു. ഡൗണിംഗ് സ്ട്രീറ്റ് ഉദ്യോഗസ്ഥർ പാർട്ടി നടത്തിയെന്ന റിപ്പോർട്ടുകൾ ജോൺസൺ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ക്രിസ്മസ് പാർട്ടി നടന്നിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവ്.
Leave a Reply