ആദ്യ പകുതിയിൽ സെർബിയ ഉയർത്തിയ സമനിലപ്പൂട്ട് രണ്ടാം പകുതിയിൽ പൊളിച്ചടുക്കി ബ്രസീൽ. റിചാർലിസന്റെ ഇരട്ട ഗോൾ നേട്ടത്തിൽ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനു മിന്നും വിജയം. 62,73 മിനിറ്റുകളിലായിരുന്നു റിചാർലിസന്റെ ഗോളുകൾ. സെർബിയ പ്രതിരോധ താരങ്ങൾ ആദ്യ പകുതിയിൽ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ലുസെയ്ൽ സ്റ്റേഡിയത്തിൽ ബ്രസീൽ വിജയം വെട്ടിപ്പിടിച്ചത്.
ജയത്തോടെ ജി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്സർലൻഡ് മൂന്നു പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. സെർബിയയ്ക്കെതിരെ 59 ശതമാനം പന്തടക്കവുമായി കളി പൂർത്തിയാക്കിയ ബ്രസീൽ തൊടുത്തുവിട്ടത് 22 ഷോട്ടുകളാണ്, അതില്‍ എട്ടെണ്ണം ഓൺ ടാർഗറ്റ്. അതേസമയം ഗോൾ വീണതോടെ തിരിച്ചടിക്കാൻ സെർബിയ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
മത്സരത്തിനിടെ ബ്രസീലിന്‍റെ സൂപ്പർ താരം നെയ്മറിന് പരിക്ക്. പരിക്കേറ്റ് കാൽവീങ്ങിയിരിക്കുന്ന നെയ്മറുടെ ചിത്രം പുറത്തുവന്നു. മത്സരം പൂർത്തിയാകുന്നതിന് മുൻപ് കളംവിട്ട നെയ്മർ ഡഗൗട്ടിൽ ഇരുന്ന് കരയുന്നതും ചിത്രത്തിൽ കാണാം. എതിർതാരത്തിൽ നിന്നേറ്റ ചവിട്ടാണ് നെയ്മറെ പരിക്കേൽപ്പിച്ചത്. മത്സരത്തിൽ 9 തവണയാണ് നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്.
നെയ്മറുടെ പരിക്ക് ഇനിയുള്ള മത്സരങ്ങളെ ബാധിക്കുമോ എന്ന് ആരാധകര്‍ ആശങ്കപ്പെടുന്നതിനിടെ കോച്ച് ടിറ്റെ വിശദീകരണവുമായി രംഗത്തെത്തി. പരിക്കില്‍ ആശങ്ക വേണ്ടെന്നും നെയ്മര്‍ അടുത്ത മത്സരങ്ങളില്‍ കളത്തിലുണ്ടാകുമെന്നുമാണ് ടിറ്റെ അറിയിച്ചത്.
സെര്‍ബിയയുമായുള്ള മത്സരം അവസാനിക്കാന്‍ 11 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ചവിട്ടേറ്റ് നെയ്മറിന്‍റെ കണങ്കാലിന് പരിക്കേറ്റത്. സെര്‍ബിയയുടെ ആക്രമണാത്മക പ്രതിരോധത്തിനിടെയായിരുന്നു പരിക്ക്. കളിയുടെ അവസാന മിനിറ്റുകളിൽ കണ്ണീരോടെ ബെഞ്ചിലിരുന്ന നെയ്മര്‍ പതുക്കെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി.
പരിക്ക് ഗുരുതരമല്ലെന്ന് ടിറ്റെ അറിയിച്ചു- “വിഷമിക്കേണ്ട, നെയ്മർ ലോകകപ്പിൽ കളിക്കുന്നത് തുടരും, നിങ്ങൾക്ക് അക്കാര്യം ഉറപ്പിക്കാം”.
ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറിന്‍റെ പ്രതികരണമിങ്ങനെ- “ഞങ്ങൾ ഉടനടി ചികിത്സ ആരംഭിച്ചു. 24-48 മണിക്കൂർ നിരീക്ഷിക്കും. കളിയിലുടനീളം നെയ്മറിന് വേദന അനുഭവപ്പെട്ടു, പക്ഷേ പരിക്കിന് ശേഷവും ടീമിനൊപ്പം കളത്തില്‍ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.”
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആദ്യ മത്സരത്തില്‍ ബ്രസീല്‍ സെർബിയയെ തകർത്തത്. റിച്ചാര്‍ലിസനാണ് ബ്രസീലിനായി രണ്ടു ഗോളുകളും നേടിയത്.
Leave a Reply