നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ മരണത്തിന് കാരണം ഭര്‍ത്താവും വീട്ടുകാരുമാണെന്നതിന്‍റെ കൂടുതല്‍ തെളിവ് പുറത്ത്. വസ്തു വിറ്റ് ബാങ്ക് വായ്പ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ താന്‍ ശ്രമിച്ചുവെന്ന് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കി. വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്ന് മന്ത്രവാദം നടത്തി. ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്ക് അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്‍റെ മൊഴിയിലുണ്ട്.

പോയി മരിച്ചുകൂടെ…! അമ്മ ലേഖയോട് ചോദിച്ചു

വർഷങ്ങൾക്ക് മുൻപ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പീഡനത്തെത്തുടർന്ന് ലേഖ ആത്മഹത്യക്ക് തുനിഞ്ഞെന്നും സഹോദരി ബിന്ദു വെളിപ്പെടുത്തി.

വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണെത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛൻ ഷൺമുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ച ശേഷം ഒത്തുതീർപ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നു.

സ്ത്രീധനത്തിൽ 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് ലേഖയുടെ കുടുംബം നൽകുകയും ചെയ്തെന്ന് ബിന്ദുവിന്റെ ഭർത്താവ് ദേവരാജൻ പറയുന്നു.

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന ചന്ദ്രൻ ലേഖയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്നമുണ്ടാക്കിത്തുടങ്ങി. നീ പറഞ്ഞിട്ടല്ലേ വലിയ വീട് വെച്ചതെന്ന മട്ടിൽ കുത്തുവാക്കുകൾ പറയുമായിരുന്നു. മരിക്കുന്നതിന് ഒര് മണിക്കൂർ മുൻപ് ലേഖ വിളിച്ചിരുന്നെന്ന് ദേവരാജൻ പറയുന്നു.

വീട് വിൽപ്പന മുടങ്ങിയതിനാൽ പണം ശരിയായില്ലെന്നും രാവിലെ ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നെന്നും ലേഖ പറഞ്ഞു. ലേഖ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നെന്ന് ദേവരാജൻ പറയുന്നു. ഇക്കാര്യം ബാങ്കുകാരോട് പറഞ്ഞാൽ അവർക്ക് മനസ്സിലാകുമെന്ന് ദേവശരാജൻ ആശ്വസിപ്പിക്കുകയും ചെയ്തു.

ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ ദിവസം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെ- ”ഞങ്ങളുടെ പ്രേതമേ ഇനി കാണൂ”. ആത്മഹത്യ ചെയ്യുമെന്ന സൂചന മകൾ വൈഷ്ണവിയുമായി ലേഖ പങ്കുവെച്ചിരുന്നു. ‘ചാകാൻ നോക്കുമ്പോൾ അമ്മ മാത്രം മരിച്ചാൽ ഞാൻ ഒറ്റക്കാകും, ഞാൻ മരിച്ചാൽ അമ്മയും ഒറ്റക്കാകും’- വൈഷ്ണവി പറഞ്ഞെന്ന് ലേഖ ശാന്തയോട് പറഞ്ഞിരുന്നു.

‘പോയി മരിച്ചുകൂടെ’ എന്ന് അമ്മ ലേഖയോട് ചോദിച്ചതായും ചന്ദ്രന്‍ വെളിപ്പെടുത്തി. മന്ത്രവാദിയെ പൊലീസ് തിരിച്ചറിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീടിന്റെ പറമ്പിൽ ആൽത്തറ എന്ന മന്ത്രവാദ മുനമ്പ്

”കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോൾ തടസ്സം നിന്നത് കൃഷ്ണമ്മായാണ്. ആൽത്തറയുണ്ട്, അവര് നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കണ്ട എന്നുപറഞ്ഞ് മോനെ തെറ്റിക്കും. ഭർത്താവ് അറിയാതെ അഞ്ചുരൂപ നാട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കിൽ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭർത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയിൽ കൊണ്ടുവന്ന് പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി”– കുറിപ്പിൽ പറയുന്നു.

നിർമാണം പൂർത്തിയാകാത്ത വീടിന് പിന്നിലാണ് തെക്കേത് എന്നും ആൽത്തറയെന്നും അറിയപ്പെടുന്ന സ്ഥലം. ചെറിയ ചുറ്റുമതിൽ കൊണ്ട് കെട്ടിമറച്ച സ്ഥലത്ത് രണ്ട് ചെറിയ ശ്രീകോവിൽ പോലുള്ള തും കാണാം. കഴിഞ്ഞ ദിവസം പൂജ നടന്ന ലക്ഷണങ്ങൾ ഇവിടെയുണ്ട്.

ആൽത്തറക്ക് മുന്നിൽ പൂജകൾക്ക് ശേഷം സമർപ്പിച്ച രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെടുത്തിയിരുന്നു. ബുധനാഴ്ച നറുക്കെടുക്കാനിരുന്ന വിഷു ബംബറായിരുന്നു അത്. കൂടാതെ ഒരു പെട്ടിയിൽ സ്ത്രീയുടെയും പുരുഷന്റെയും പുതിയ വസ്ത്രങ്ങളും കണ്ടെത്തി.

വേര്‍പാടിന്റെ ഞെട്ടലില്‍ സഹപാഠികള്‍

പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പഴ്സനായിരുന്ന വൈഷ്ണവിക്ക് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മ ലേഖ. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവില്‍ കോളജില്‍ വന്നത്. എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു.

കരാട്ടേയില്‍ വൈഷ്ണവി ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നു. കരാട്ടേ വൈഷ്ണവി എന്നാണ് കൂട്ടുകാര്‍ വിളിച്ചിരുന്നത്. അമ്മ ലേഖയോടായിരുന്നു വൈഷ്ണവിക്ക് അടുപ്പം. അമ്മയെക്കുറിച്ചു കൂട്ടുകാരികളോടു സംസാരിച്ചിരുന്ന വൈഷ്ണവി അച്ഛനെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല.

കുറച്ചു നാളുകളായി വൈഷ്ണവി മാനസിക പ്രയാസത്തിലായിരുന്നെന്നു സഹപാഠികള്‍ പറയുന്നു. വീടു നഷ്ടപ്പെടുമെന്ന ആശങ്ക വൈഷ്ണവിക്ക് ഉണ്ടായിരുന്നു. വീടു ജപ്തി ഭീഷണിയിലാണെന്നു സഹപാഠികളില്‍ ചിലരോടു പറഞ്ഞിരുന്നു. ക്ലാസ് ലീഡറായിരുന്ന വൈഷ്ണവി ഒരിക്കല്‍പോലും കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല. ചോദിക്കുമ്പോള്‍ വീട്ടില്‍ പ്രശ്നമാണെന്നായിരുന്നു മറുപടി. ബ്ലാക്ക് ബെല്‍റ്റ് നേടിയ, മനക്കരുത്തുണ്ടായിരുന്ന വൈഷ്ണവിയുടെ വേര്‍പാടിന്റെ ഞെട്ടലിലാണു സഹപാഠികള്‍.

അതേ‌സമയം, നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാകുറിപ്പിലെ പകുതിയിേലറെ ആരോപണങ്ങളും ഗൃഹനാഥനായ ചന്ദ്രന്‍ സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ബാധ്യതയ്ക്കിടയിലും വീട് വില്‍പ്പനയ്ക്ക് അമ്മ തടസം നിന്നെന്നും, കടബാധ്യത തീര്‍ക്കാതെ പൂജയില്‍ വിശ്വസിച്ചെന്നും മൊഴി. കുടുംബപ്രശ്നങ്ങള്‍ക്കൊപ്പം വസ്തുവില്‍പ്പന മുടങ്ങിയതും ആത്മഹത്യക്ക് കാരണമായതായി പൊലീസ് നിഗമനം.