ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇനി എൻ എച്ച് എസ് ആപ്പിൽ നിന്ന് ജനങ്ങൾക്ക് തങ്ങളുടെ മരുന്നുകളെ കുറിച്ചുള്ള ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻ ലഭ്യമാകും. നിലവിൽ മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ട സാഹചര്യത്തിൽ വീണ്ടും ജിപിയെ സന്ദർശിച്ച് പ്രിസ്ക്രിപ്ഷൻ മേടിക്കുന്നത് ഒഴിവാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഡോക്ടർമാർ നൽകുന്ന പേപ്പർ സ്ലിപ്പിന് പകരം എൻഎച്ച്എസ് ആപ്പിലെ ബാർകോഡ് സ്കാൻ ചെയ്ത് ഫാർമസികൾക്ക് മരുന്ന് നൽകാൻ സാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആവർത്തന സ്വഭാവമുള്ള പ്രിസ്ക്രിപ്ഷൻ മരുന്നുകൾ ഉപഭോക്താക്കൾക്ക് ഫാർമസികളിൽ നിന്ന് മേടിക്കാൻ സാധിക്കുന്നതിനൊപ്പം തന്നെ ജിപിയുടെ സമയം ഈ നടപടിയിലൂടെ ലാഭിക്കാൻ സാധിക്കും എന്നതാണ് ഇതിൻറെ പ്രയോജനമായി വിലയിരുത്തപ്പെടുന്നത്. ഏകദേശം ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഇടയിൽ നടത്തിയ ട്രയലിന് ശേഷമാണ് ഇപ്പോൾ ഡിജിറ്റൽ ആപ്പിലെ ഈ സംവിധാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. മരുന്നുകൾ ലഭ്യമാക്കുന്നത് കൂടാതെ ഓരോ ചികിത്സയ്ക്കായും ഉള്ള ജിപി അപ്പോയിൻമെൻ്റുകളും, ജിപി അപ്പോയിൻമെന്റ് ലഭിക്കാൻ എത്രനാൾ കാത്തിരിക്കണം തുടങ്ങിയ വിവരങ്ങളും എൻഎച്ച്എസ് ആപ്പിലൂടെ ലഭ്യമാകും. പുതിയ നടപടി രോഗികളുടെയും ജിപിമാരുടെയും വിലപ്പെട്ട സമയം ലാഭിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു.

ജിപിയെ നേരിട്ട് കാണാതെ തന്നെ ഫാർമസികളിൽ നിന്ന് ചില രോഗങ്ങൾക്ക് ചികിത്സ തേടാനുള്ള സംവിധാനം യുകെയിൽ നിലവിൽ വന്നത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെതിരുന്നു . സൈനസൈറ്റിസ് , തൊണ്ടവേദന , ചെവി വേദന , ചെറിയ പ്രാണികളുടെ കടികൊണ്ടുള്ള പ്രയാസങ്ങൾ , ഇംപെറ്റിഗോ , ഷിംഗിൾസ് , 65 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ സങ്കീർണ്ണമല്ലാത്ത യൂറിനറി ഇൻഫെക്ഷൻ എന്നീ രോഗങ്ങൾക്കാണ് ജിപി അപ്പോയിൻമെൻ്റുകളോ പ്രിസ്ക്രിപ്ഷനോ ആവശ്യമില്ലാതെ ഫാർമസികളിൽ നിന്ന് മരുന്നുകൾ ലഭിക്കുന്നത്. ഇതിലൂടെ 10 ദശലക്ഷത്തിലധികം ജി പി അപ്പോയിൻ്റ്ന്മെന്റുകൾ കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു . കൂടുതൽ പേർ പ്രാഥമിക പരിചരണത്തിന് ഇനി ഫാർമസികളെ ആശ്രയിക്കുന്നതിന് ഇത് തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.