ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സുരക്ഷാ ഭീതി കാരണം പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകൾ അയക്കാൻ വൈകുന്നു. സുരക്ഷാ ഏജൻസിയായ ജിസിഎച്ച്‌ക്യുവുമായി കൂടിയാലോചിച്ച ശേഷം ശേഷമാണ് ഈ നടപടി. ഹാക്കർമാർക്ക് ബാലറ്റിൽ മാറ്റം വരുത്താൻ കഴിയുമെന്ന് ജിസിഎച്ച്‌ക്യു മുന്നറിയിപ്പ് നൽകി. തപാൽ വഴിയോ ഓൺലൈനായോ വോട്ടെടുപ്പ് നടത്താനായിരുന്നു ആദ്യം തീരുമാനം.

എന്നാൽ, നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ നിർദേശം പ്രകാരം വോട്ടെടുപ്പ് പ്രക്രിയയിൽ സുരക്ഷ വർധിപ്പിക്കാനായി അനുയോജ്യമായ മാറ്റങ്ങൾ വരുത്താൻ കൺസർവേറ്റീവ് പാർട്ടി തീരുമാനിച്ചു. പാർട്ടി അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ പാർട്ടി കാലതാമസത്തിന്റെ കാരണം വിശദീകരിച്ചു. പ്രത്യേക ഭീഷണിയില്ലെങ്കിലും, വോട്ടുകൾ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്തു.

ഓഗസ്റ്റ് 11-നകം ബാലറ്റ് പായ്ക്ക് ലഭിക്കാത്ത അംഗങ്ങൾ പാർട്ടിയുമായി ബന്ധപ്പെടണമെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ പറയുന്നു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 60% ടോറി അംഗങ്ങളുടെ പിന്തുണയുണ്ടെന്നും മുൻ ചാൻസലർ ഋഷി സുനക്കിന് 26% പിന്തുണയുണ്ടെന്നും ടൈംസിൽ റിപ്പോർട്ട് ചെയ്ത യൂഗോവ് വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നു.