ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈബർ ആക്രമണത്തെ തുടർന്ന് നിരവധി എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയിരുന്നു. സൈബർ ആക്രമണത്തെ തുടർന്ന് രക്തത്തിന് ക്ഷാമം നേരിട്ടതായുള്ള റിപ്പോർട്ടുകൾ ആണ് ഏറ്റവും പുതിയതായി വാർത്ത ആയിരിക്കുന്നത്. O ടൈപ്പ് ബ്ലഡ് ഗ്രൂപ്പുകാർ അടിയന്തിരമായി രക്തം ദാനം ചെയ്യാൻ മുന്നോട്ടുവരണമെന്ന അഭ്യർത്ഥന എൻഎച്ച്എസ്സിന്റെ ഭാഗത്തു നിന്ന് നൽകിയിട്ടുണ്ട്. എല്ലാ ഗ്രൂപ്പുകളിലും പെട്ട രക്തത്തിന് ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. O- ടൈപ്പ് വിഭാഗത്തിൽപ്പെട്ട രക്തം ഏത് ഗ്രൂപ്പുകാർക്കും അനുയോജ്യമായതുകൊണ്ടാണ് അടിയന്തിരമായി ഈ വിഭാഗത്തിൽപ്പെട്ട ദാതാക്കളോട് രക്തം ദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്.

സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ തകരാറിലായതിനെ തുടർന്ന് പരമ്പരാഗത രീതിയിലേയ്ക്ക് ലണ്ടനിലെ ആശുപത്രികൾ മടങ്ങി പോയതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു. രക്തപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളിൽ അപ്ഡേറ്റ് ചെയ്യുകയും എല്ലാ വിഭാഗങ്ങളിലും ലഭ്യമാവുകയും ചെയ്യുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ സർവറുകൾ പണിമുടക്കിയതിനെ തുടർന്നാണ് പഴയ രീതിയായ പേപ്പർ റെക്കോർഡിലേയ്ക്ക് മടങ്ങി പോകേണ്ടതായി വന്നത് .

ലാബിൽ അപ്ഡേറ്റ് ചെയ്യുന്ന പരിശോധന ഫലം എല്ലാ വിഭാഗങ്ങളിലും തത്സമയം ലഭ്യമായിരുന്നു. എന്നാൽ പേപ്പർ റെക്കോർഡ്സ് ഉപയോഗിക്കുന്ന അവസ്ഥയിൽ ലാബ് റിസൾട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിവിധ വിഭാഗങ്ങളിൽ ജീവനക്കാർ എത്തിച്ചു കൊടുക്കേണ്ടതായി വരും. ഇത് ഒട്ടേറെ കാലതാമസത്തിന് വഴിവെക്കും. റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രണമം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നീ ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സർവറുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പ്രശ്നം പരിശോധിക്കുന്നതിനുള്ള അടിയന്തിര നടപടികൾ തുടരുകയാണെന്ന് എൻഎച്ച്എസ് അറിയിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നിവിടങ്ങളിലെ ജി പി സേവനങ്ങളെയും പ്രശ്നം ബാധിച്ചിട്ടുണ്ട് .
	
		

      
      



              
              
              




            
Leave a Reply