ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ജൂൺ മാസം അവസാനത്തോടെ യുകെയിൽ വാഹന ഡ്രൈവിംഗ് നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അടുത്തമാസം അവസാനത്തോടെ വീടുകളിലും ജോലി സ്ഥലങ്ങളിലും മറ്റുമുള്ള എല്ലാ ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകളിലും സ്മാർട്ട് ചാർജിങ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജൂൺ മുപ്പതോടെ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് നിലവിലെ തീരുമാനം. നാഷണൽ ഗ്രിഡിനുമേലുള്ള അമിത ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും വെയിൽസിലും മറ്റും വിൽക്കപ്പെടുന്ന ചാർജിങ് പോയിന്റുകൾക്ക് മിനിമം സ്റ്റാൻഡേർഡ് നിർബന്ധമാകും. ഇത്തരത്തിൽ സ്മാർട്ട് ചാർജിങ് പോയിന്റുകൾ ഡ്രൈവർമാർക്ക് കൂടുതൽ സഹായകരമാകുമെന്നാണ് നിഗമനം.

ചാർജിങ് ഹിസ്റ്ററി ഉൾപ്പെടെ അറിയാനുള്ള സംവിധാനവും സ്മാർട്ട് ചാർജിങ് പോയിന്റുകളിൽ ലഭ്യമാണ്. സർക്കാർ നിബന്ധന പ്രകാരമുള്ള എല്ലാ മാറ്റങ്ങളും തങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ചാർജിങ് സംവിധാനങ്ങൾ ലഭ്യമാക്കുന്നതെന്ന് സ്മാർട്ട് ചാർജിങ് സംവിധാനങ്ങളുടെ നിർമാതാവായ ഓഹം കമ്പനി സിഇഒ ഡേവിഡ് വാട്സൺ അറിയിച്ചു. ജൂലൈയോടെ ഇത്തരത്തിൽ പുതുക്കിയ ഉൽപ്പന്നങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.