ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : ലോകമെമ്പാടും 176 മില്യൺ സ്ത്രീകളെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ മാസം കൂടിയാണ് മാർച്ച്. പത്തിൽ ഒരു സ്ത്രീക്ക് അവരുടെ റീപ്രൊഡക്ടീവ് കാലത്ത്, അതായത് 15നും 49നും ഇടയിലാണു രോഗം ബാധിക്കാറുള്ളത്. കൃത്യമായ പരിശോധനയും ചികിൽസയും എത്രയും വേഗം ലഭ്യമാക്കുക എന്നതാണു പ്രധാനം. വെയിൽസിൽ നിന്നുള്ള 26കാരിയായ സ്റ്റെഫാനി ലീച്ച് എൻഡോമെട്രിയോസിസിന്റെ ഏറ്റവും കഠിനമായ രണ്ടാമത്തെ ഘട്ടത്തിലാണെന്ന് കണ്ടെത്തി. എന്നാൽ ഒരു ശസ്ത്രക്രിയ ലഭിക്കുന്നതിന് അവൾക്ക് രണ്ട് വർഷത്തോളം കാത്തിരിക്കേണ്ടി വരും. ലീച്ചിന് 15 വയസ്സുള്ളപ്പോഴാണ് വേദനാജനകമായ ആർത്തവം തുടങ്ങിയത്. നിരവധി തവണ ജി‌പിയിൽ പോയെങ്കിലും മരുന്നുകൾ ഒന്നും ഫലപ്രദം ആയില്ല. അവളെ ഒരു സ്പെഷ്യലിസ്റ്റിലേക്ക് റഫർ ചെയ്യുന്നതിൽ അവർ ആരും ശ്രദ്ധിച്ചില്ല.

2019 ൽ ഒരു സ്വകാര്യ കൺസൾട്ടേഷനായി പോയപ്പോഴാണ് അവൾക്ക് എൻഡോമെട്രിയോസിസിന്റെ ഏറ്റവും കഠിനമായ രണ്ടാമത്തെ ഘട്ടമാണെന്ന് കണ്ടെത്തിയത്. അതിതീവ്ര വേദന ആയതിനാൽ തന്നെ ജോലി സ്ഥലത്ത് എത്തിയാലും താൻ തളർന്നുപോകുന്ന അവസ്ഥയാണെന്ന് അവൾ വെളിപ്പെടുത്തി. ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും അവൾക്കിപ്പോൾ മൂന്നാം ഘട്ടത്തിന്റെ ആരംഭമാണ്. കോവിഡ് കാരണം അടിയന്തിര ശസ്ത്രക്രിയകളെല്ലാം നിർത്തിയതിനാൽ ശസ്ത്രക്രിയയ്ക്കായി രണ്ട് വർഷം കാത്തിരിക്കണമെന്ന് സ്റ്റെഫാനിയോട് പറഞ്ഞു. എന്നാൽ ഈ വേദന കടിച്ചമർത്തി എങ്ങനെ രണ്ട് വർഷങ്ങൾ ജീവിക്കുമെന്ന കാര്യം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അത് അവളുടെ ഭാവി ജീവിതത്തിന് വരെ വലിയ വെല്ലുവിളിയാവാൻ സാധ്യതയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗർഭാശയത്തിന്റെ ഉൾവശത്തെ സ് തരമാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്തപ്പോൾ ഇത് ആർത്തവ രക്തത്തോടൊപ്പം കൊഴിഞ്ഞു പുതിയ സ്തരങ്ങൾ രൂപപ്പെടും. ഗർഭപാത്രത്തിലല്ലാതെ മറ്റു ശരീരഭാഗങ്ങളിൽ ഈ കോശങ്ങൾ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, ഉദരത്തിന്റെ ഉൾഭാഗം തുടങ്ങിയ അവയവങ്ങളിലാണ് ഇതു സാധാരണയായി കാണപ്പെടുന്നത്. ഈ രോഗമുണ്ടാകുന്നതിലും അതു പെരുകുന്നതിനും സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആർ‌ത്തവത്തോടനുബന്ധിച്ചുള്ള അസ്വസ്ഥതകൾക്കു സമാനമാണ് എൻഡോമെട്രിയോസിസിന്റെ രോഗലക്ഷണങ്ങളും. രോഗം തിരിച്ചറിയാനും കൃത്യമായ ചികിത്സയെടുക്കാനും താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെ.

രോഗത്തിന്റെ തീവ്രതയെ ആശ്രയിച്ചാണ് എൻഡോമെട്രിയോസിസിന്റെ ചികിത്സ. താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി രോഗം ഏതു സ്റ്റേജിലാണെന്നു മനസ്സിലാക്കി വേണം ചികിത്സ നടത്താൻ. വേദനാസംഹാരികൾ കഴിച്ചും എൻഡോമെട്രിയം കോശങ്ങൾ നീക്കം ചെയ്തുമൊക്കെ എൻഡോമെട്രിയോസിസിനെ പ്രതിരോധിക്കാം. ചില ഘട്ടത്തിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നതു വരെ ഈ രോഗത്തിനു പ്രതിവിധിയായി നിർദേശിക്കാറുണ്ട്. കൃത്യമല്ലാത്ത ആർത്തവം, അധിക വേദന, അസ്വസ്ഥതകൾ തുടങ്ങിയവ ഉണ്ടായാൽ എത്രയും വേഗം പരിശോധനകൾ നടത്തി എൻഡോമെട്രിയോസിസ് ഇല്ലെന്ന് ഉറപ്പു വരുത്തണം.