ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രോഗികൾക്ക് ഇന്ന് തിങ്കളാഴ്ച മുതൽ ആദ്യമായി അവരുടെ ജിപി വഴി അമിത വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ലഭ്യമാകും. തുടക്കത്തിൽ കുടുംബ ഡോക്ടർമാർക്ക് മരുന്നുകൾ നിർദ്ദേശിക്കാൻ അനുവാദമുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഏകദേശം 220,000 ആളുകൾക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മരുന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത് .
അമിത വണ്ണം മൂലമുള്ള കൂടുതൽ ആരോഗ്യപ്രശനമുള്ളവർക്കായിരിക്കും തുടക്കത്തിൽ മരുന്ന് നൽകി തുടങ്ങുന്നത് . നിലവിലെ ജോലിയോടൊപ്പം മരുന്ന് വിതരണം കൈകാര്യം ചെയ്യുന്നത് തങ്ങൾക്കു അധിക ജോലിഭാരം ഉണ്ടാക്കുമെന്ന പരാതി ജിപി മാരുടെ ഭാഗത്തുനിന്ന് ഉയർന്നു വന്നിട്ടുണ്ട്. മരുന്നിന്റെ വിതരണം സമ്മർദ്ദമുണ്ടാക്കിയേക്കാമെന്നു ഫാർമസികളും പറഞ്ഞു. ബോഡി മാസ് ഇൻഡക്സ് (BMI) സ്കോർ 40 ൽ കൂടുതലുള്ളവർക്കും, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കുറഞ്ഞത് നാല് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആണ് തുടക്കത്തിൽ മരുന്ന് നൽകുന്നത്.
യുകെയിലെ ഏകദേശം 1.5 ദശലക്ഷം ആളുകൾ ഇതിനകം തന്നെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു, അവ സ്പെഷ്യലിസ്റ്റ് വെയ്റ്റ് ലോസ് സർവീസസ് വഴിയോ സ്വകാര്യ കുറിപ്പടി വഴിയോ ആണ് ആവശ്യക്കാർക്ക് നൽകുന്നത്. ജോലിഭാരത്തിനൊപ്പം ഇത്തരം മരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന കുറവിനെ കുറിച്ചും ജിപി മാരുടെ ഭാഗത്തുനിന്ന് പരാതികൾ ഉയർന്നുവരുന്നുണ്ട്. വെയ്റ്റ് ലോസ് മരുന്നുകളുടെ നേട്ടങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും, ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ പൊതു പ്രാക്ടീസിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നിരവധി ജിപിമാർ ആശങ്കാകുലരാണെന്ന് ഞങ്ങൾക്കറിയാം എന്ന് റോയൽ കോളേജ് ഓഫ് ജിപികളുടെ ചെയർമാനായ പ്രൊഫസർ കാമില ഹോത്തോൺ പറഞ്ഞു.
Leave a Reply