കോവിഡിൽ നിന്ന് ജീവൻ രക്ഷിക്കുമെന്ന് കരുതപ്പെടുന്ന മരുന്നുകൾ ഡൽഹിയിലെ കരിഞ്ചന്തയിൽ സുലഭം ; അമിതവില നൽകിയും മരുന്ന് സ്വന്തമാക്കി ജനങ്ങൾ

കോവിഡിൽ നിന്ന് ജീവൻ രക്ഷിക്കുമെന്ന് കരുതപ്പെടുന്ന മരുന്നുകൾ ഡൽഹിയിലെ കരിഞ്ചന്തയിൽ സുലഭം ; അമിതവില നൽകിയും മരുന്ന് സ്വന്തമാക്കി ജനങ്ങൾ
July 08 02:37 2020 Print This Article

സ്വന്തം ലേഖകൻ

ഡൽഹി : കൊറോണയിൽ നിന്ന് ജീവൻ രക്ഷിക്കുമെന്ന് കരുതപ്പെടുന്ന മരുന്നുകൾ ഡൽഹിയിലെ കരിഞ്ചന്തയിൽ വില്പനയ്ക്കായി എത്തി. കോവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന റെംഡെസിവിയർ, ടോസിലിസുമാബ് എന്നീ മരുന്നുകൾ കരിഞ്ചന്തയിൽ അമിതമായ നിരക്കിൽ വിൽക്കുന്നതായി കണ്ടെത്തി. കോവിഡ് -19 ഭേദമാക്കാൻ റെംഡെസിവിയറിന് കഴിയുമെന്ന് വ്യാപകമായ പ്രതീക്ഷയുണ്ട്. അതിനാൽ തന്നെ രോഗം പിടിപെടുന്ന ആളുകളെ ഏതുവിധേനയും രക്ഷപെടുത്താനായി കുടുംബാംഗങ്ങൾ അമിതവില നൽകി മരുന്ന് സ്വന്തമാക്കുന്നു. ഈ മരുന്നിന്റെ ലഭ്യത വളരെ കുറവാണ്. ഓരോ കുപ്പി മരുന്നിനും 30000 രൂപയാണ് ഈടാക്കുന്നത്. ഓരോ കുപ്പിയുടെയും ഔദ്യോഗിക വില 5,400 രൂപയാണ്. ഒരു രോഗിക്ക് സാധാരണയായി അഞ്ച് മുതൽ ആറ് വരെ ഡോസുകൾ ആവശ്യമാണ്. ഡൽഹിയിലെയും സമീപ ജില്ലകളിലെയും രോഗികളുടെ കുടുംബങ്ങൾക്ക് റെംഡെസിവിയറിനായി അമിത വില നൽകേണ്ടിവന്ന നിരവധി സംഭവങ്ങളെക്കുറിച്ച് ബിബിസി റിപ്പോർട്ട്‌ ചെയ്തു.

ലോകമെമ്പാടുമുള്ള ആശുപത്രികളിലെ ക്ലിനിക്കൽ ട്രയലിൽ കോവിഡ് ലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽ നിന്ന് 11 ആക്കി കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയതാണ് റെംഡെസിവിയറിന്റെ ആവശ്യം വർധിക്കാൻ കാരണമായത്. എബോളയെ ചികിത്സിക്കുന്നതിനായി റെംഡെസിവിയർ വികസിപ്പിച്ച യുഎസ് ആസ്ഥാനമായുള്ള ഗിലിയാഡ് സയൻസസ് ഇന്ത്യൻ കമ്പനികളായ സിപ്ല, ജൂബിലന്റ് ലൈഫ്, ഹെറ്റെറോ ഡ്രഗ്സ്, മൈലോൺ എന്നിവയ്ക്ക് മരുന്ന് ഉത്പാദിപ്പിക്കാൻ ഉള്ള അനുമതി നൽകി. എന്നിരുന്നാലും, ഈ കമ്പനികളിൽ ഹെറ്റെറോ മാത്രമാണ് ഇതുവരെ റെംഡെസിവിയർ നിർമ്മിച്ചത്. അഞ്ച് സംസ്ഥാനങ്ങൾക്കിടയിൽ 20,000 ഡോസ് വിതരണം ചെയ്ത കമ്പനിയിൽ നിന്ന് മരുന്ന് എങ്ങനെയാണ് കരിഞ്ചന്തയിൽ എത്തിയെന്നതിൽ അറിവില്ല.

“ഞങ്ങൾ വിതരണക്കാർക്ക് മരുന്ന് നൽകിയിട്ടില്ല. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ ആശുപത്രികളിലേക്ക് നേരിട്ട് കുപ്പികൾ വിതരണം ചെയ്തിട്ടുണ്ട്,” ഹെറ്റെറോയുടെ സെയിൽസ് വൈസ് പ്രസിഡന്റ് സന്ദീപ് ശാസ്ത്രി പറഞ്ഞു. ആവശ്യം നിറവേറ്റുന്നതിനായി കമ്പനി കഠിനമായി പരിശ്രമിക്കുകയാണെന്നും ഇത്തരം ബ്ലാക്ക് മാർക്കറ്റിംഗ് ശരിക്കും നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കൊറോണ വൈറസ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 743,481 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ആകെ മരണസംഖ്യ 20,653 ആയി ഉയർന്നു. രോഗികളുടെ എണ്ണത്തിൽ നിലവിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles