ലണ്ടന്‍: ലോകത്തെ പിടിച്ചുലച്ച വമ്പന്‍ സൈബര്‍ ആക്രമണം ക്യാന്‍സര്‍ രോഗികളുടെ ചികിത്സയെ ബാധിക്കുന്നതായി വെളിപ്പെടുത്തല്‍. സൈബര്‍ ആക്രമണത്തേത്തുടര്‍ന്ന് നൂറ് കണക്കിന് അപ്പോയിന്റ്‌മെന്റുകളാണ് റദ്ദാക്കിയത്. കംപ്യൂട്ടര്‍ ശൃംഖലകളില്‍ ശേഖരിച്ചിരുന്ന വിവരങ്ങളാണ് ഇല്ലാതായത്. ഇത് ചികിത്സ മേഖലയെ അപ്പാടെ താറുമാറാക്കിയിരുന്നു. 45 എന്‍എച്ച്എസ് സൈറ്റുകളിലാണ് റാന്‍സംവെയര്‍ ആക്രമണം ഉണ്ടായത്. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ഇത് വന്‍തോതില്‍ ബാധിക്കുകയും എമര്‍ജന്‍സി ചികിത്സയെപ്പോലും ബാധിക്കുകയും ചെയ്തു.
ക്യാന്‍സര്‍ രോഗികളുടെ പരിശോധനാ ഫലങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എത്ര രോഗികളെ സൈബര്‍ ആക്രമണം നേരിട്ടു ബാധിച്ചു എന്ന വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഈയാഴ്ച തന്നെ എന്‍എച്ച്എസ് ഈ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. ആറ് ട്രസ്റ്റുകളെയാണ് ആക്രമണം ബാധിച്ചതെന്നാണ് വിവരം. ആക്രമണം മൂലം പ്രവര്‍ത്തന തടസം ഇപ്പോളും തുടരുന്നതിനാല്‍ മറ്റ് എന്‍എച്ച്എസ് സേവനങ്ങള്‍ വിനിയോഗിക്കണമെന്ന് ബാര്‍ട്ട്‌സ് എന്‍എച്ച്എസ് ട്രസ്റ്റ് പ്രസ്താവനയില്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ലണ്ടനില്‍ അഞ്ച് ആശുപത്രികളാണ് ഈ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ക്ലിനിക്കലി അത്യാവശ്യ പരിചരണം വേണ്ട രോഗികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുകയാണെന്നും രോഗികളെ തങ്ങള്‍ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും പ്രസ്താവന തുടരുന്നു. കീമോ തെറാപ്പി ചെയ്തു വന്നിരുന്ന രോഗികള്‍ പോലും ആശുപത്രിയില്‍ എത്തിയപ്പോള്‍ സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ മടങ്ങേണ്ടി വന്നുവെന്നും ക്യാന്‍സര്‍ രോഗികള്‍ വ്യക്തമാക്കുന്നു.
Leave a Reply