ലണ്ടൻ∙ ലോകത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സേവന സംവിധാനമായ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) സപ്തതിയുടെ നിറവ്. യൂറോപ്പിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ പൊതുമേഖലാ സ്ഥാപനം എഴുപതു വർഷം പൂർത്തിയാക്കുമ്പോൾ ബ്രിട്ടീഷുകാർക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ഒപ്പം സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും അവരെ അലട്ടുന്നു.
രാജ്യത്താകെ പതിനഞ്ച് ലക്ഷത്തോളം പേരാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ളവർ ഇതിൽപെടുന്നു. ബ്രിട്ടനിൽ ആകെയുള്ള ഒരുലക്ഷത്തി അറുപതിനായിരം മലയാളികളിൽ മഹാ ഭൂരിപക്ഷവും എൻഎച്ച്എസിലെ ജീവനക്കാരാണ്. അതിൽതന്നെ ഏറെപ്പേരും ആതുരശുശ്രൂഷയുടെ നെടുംതൂണായ നഴ്സുമാരും. 1995ൽ വിദേശനഴ്സുമാർക്കായി എൻഎച്ച്എസ് വാതിൽ തുറന്നതോടെയാണ് യുകെയിലേക്കുള്ള മലയാളികളുടെ രണ്ടാംഘട്ട കുടിയേറ്റം ആരംഭിച്ചതുതന്നെ. സിംഗപ്പൂർ, മേലേഷ്യ വഴി ബ്രിട്ടനിലെത്തിയ വളരെ കുറച്ചുപേർ മാത്രമായിരുന്നു അതുവരെ ബ്രിട്ടനിലുണ്ടായിരുന്ന മലയാളികൾ.
മലയാളികളെപ്പോലെ തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നും എൻഎച്ച്എസിൽ ജോലി ചെയ്യുന്നത് പതിനായിരങ്ങളാണ്. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ എൻഎച്ച്എസിനെ നയിക്കുന്നവരിൽ നല്ലൊരു ശതമാനം വിദേശികളാണ്. ഒരു പരിധിവരെ സ്ഥാപനത്തിന്റെ വിജയരഹസ്യവും ഇതുതന്നെ.
ഏഴു ദശാബ്ദങ്ങൾ നീണ്ട ചരിത്രത്തിൽ എൻഎച്ച്എസിന് നേട്ടങ്ങളുടെ പട്ടിക ഏറെയാണ്. ഹൃദയം, കരൾ, ശ്വാസകോശം മുതലായ അവയവങ്ങൾ മാറ്റിവയ്ക്കുന്ന സങ്കീർണമായ ശസ്ത്രക്രിയകൾ ലോകത്ത് ആദ്യം നടത്തിയത് എൻഎച്ച്എസിലായിരുന്നു. പോളിയോ, മലമ്പനി ഡിഫ്തീരിയ, തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ നിർമാർജനം ഫലപ്രദമായി നടപ്പിലാക്കി ലോകത്തിനു മാതൃകയായതും എൻഎച്ച്എസ് ആണ്. എയ്ഡ്സിനും കാൻസറിനും മറ്റ് മാരക രോഗങ്ങൾക്കുമെല്ലാം ഇന്നും ലോകത്ത് മികച്ച ചികിൽസ ലഭ്യമാക്കാൻ എൻഎച്ച്എസിനെ വെല്ലാൻ മറ്റൊരു പൊതുമേഖലാ സംവിധാനമില്ല. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മരണത്തിന്റെ കൊടുങ്കാറ്റുവിതച്ച ഇബോള വൈറസിനെ നേരിടാനും ആദ്യം മുന്നിട്ടിറങ്ങിയത് എൻഎച്ച്എസ് സംഘമായിരുന്നു.
അഭിമാനിക്കാനും ആഘോഷിക്കാനും ഏറെയുണ്ടെങ്കിലും പുതിയ രാഷ്ട്രീയ –സാമൂഹിക കാലാവസ്ഥയിൽ എൻഎച്ച്എസിന്റെ നിലനിൽപും സൗജന്യ ചികിൽസയും ചോദ്യം ചെയ്യപ്പെടുകയാണ്. ഏവർക്കും ഒരുപോലെ ലഭ്യമാകുന്ന ഉദാത്തമായ ഈ ചികിൽസാ സംവിധാനത്തിന്റെ ദുരുപയോഗവും നടത്തിപ്പിലെ അപാകതുമാണ് ഇതിനെ പ്രതിസന്ധിയിലാക്കുന്നത്. മദ്യപരെക്കൊണ്ടും കിടപ്പാടവും ഭക്ഷണവും തേടിപ്പോലും ആശുപത്രിയിലേക്കെത്തുന്ന കുടിയേറ്റക്കാരെക്കൊണ്ടും നഷ്ടമാകുന്നത് വിലപ്പെട്ട സമയവും സംവിധാനങ്ങളുമാണ്. അത്യാഹിത വിഭാഗത്തിലെ കാത്തിരിപ്പുപോലും പരമാവധി അനുവദിനീയമായ നാലു മണിക്കൂറിൽനിന്നും ഒരോ ദിവസവും അഞ്ചും ആറും മണിക്കൂറിലേക്ക് നീളുന്നു.
ബ്രിട്ടീഷുകാരുടെ പഞ്ചസാര പ്രിയമാണ് എൻഎച്ച്എസിന്റെ രണ്ടാമത്തെ പ്രതിസന്ധി. ഷുഗർ രോഗികൾക്ക് നൽകേണ്ട പ്രത്യേക പരിചരണവും പരിഗണനയും ട്രസ്റ്റുകൾക്കുണ്ടാക്കുന്ന നഷ്ടം ശതകോടികളുടേതാണ്. രാജ്യത്തെ ജനസംഖ്യയിൽ മഹാ ഭൂരിപക്ഷവും മധ്യവയസ്കരും വൃദ്ധരുമാണെന്ന യാഥാർഥ്യമാണ് എൻ.എച്ച്.എസിനെ തളർത്തുന്ന മൂന്നാമത്തെ വെല്ലുവിളി. കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ ഫലമായ എയ്ഡ്സും എൻഎച്ച്എസിന് വരുത്തിവയ്ക്കുന്ന നഷ്ടവും ദിവസേന ഇരട്ടിക്കുന്ന സ്ഥിതിയാണ്.
എൻഎച്ച്എസിലെ സൗജന്യ ചികിൽസ മാത്രം ലക്ഷ്യമിട്ടുള്ള യൂറോപ്യൻ കുടിയേറ്റവും പരമ്പരാഗത രീതികൾ പിന്തുടർന്നുള്ള പരിചരണ രീതികളും മറ്റൊരു പ്രതിസന്ധിയാകുന്നു. ഇവയ്ക്കെല്ലാമുപരി എക്കാലവും എല്ലാവർക്കും സൗജന്യ ചികിൽസ പ്രായോഗികമല്ലെന്ന രാഷ്ട്രീയ നിരീക്ഷണമാണ് ഈ മാതൃകാ സ്ഥാപനത്തിന്റെ നിലനിൽപിന് ഏറ്റവും വലിയ ഭീഷണി. നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടേതാണ് ഈ വീക്ഷണം.
വെസ്റ്റ് മിനിസ്റ്റർ ആബിയിൽ പ്രത്യേക പ്രാർഥനയും ഓപ്പൺ ഡേയും അവാർഡ് ദാനങ്ങളും എല്ലാം നടത്തി ആഘോഷം പൊടിപൊക്കുമ്പോൾ ഈ ആശങ്കകൾക്കും പ്രതിസന്ധികൾക്കും പരിഹാരമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. ഇല്ലാത്തപക്ഷം മികച്ചൊരു സ്ഥാപനത്തിന്റെ അന്ത്യം കുറിക്കാലാകും ഈ ആഘോഷങ്ങൾ.
ഒപ്റ്റിക്കൽ, ഡെന്റൽ സർവീസുകൾക്കൊഴികെ 16 വയസിനു മുകളിൽ പ്രായമായ എല്ലാവർക്കും ഏല്ലാ രോഗങ്ങൾക്കും സൗജന്യ ചികിൽസ ലഭ്യമാക്കുന്ന സംവിധാനമാണ് എൻഎച്ച്എസ്. 1945 മുതൽ 51 വരെ പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്ലിയാണ് ആതുരശുശ്രൂഷാ രംഗത്തെ ഈ മാതൃകാ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. രാജ്യത്ത് തൊഴിലെടുക്കുന്ന എല്ലാവരും നിർബന്ധമായും നൽകേണ്ട നാഷണൽ ഇൻഷുറൻസ് ടാക്സിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് എൻഎച്ച്എസിന്റെ പ്രവർത്തനം.
Leave a Reply