ന്യൂസ് ഡെസ്ക്, മലയാളം യുകെ

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടയാളുമായി പൊതു ഇടത്തിൽ വസ്ത്രം മാറുന്നതിനെ ചൊല്ലിയുള്ള പരാതിയിൽ എൻഎച്ച്എസിലെ വനിതാ ജീവനക്കാരിക്ക് ജോലി നഷ്ടപ്പെട്ട സംഭവം വിവാദമാകുന്നു. സംഭവത്തെ ചൊല്ലി കടുത്ത പ്രതിഷേധമാണ് സ്ത്രീപക്ഷ ഗ്രൂപ്പുകൾ ഉന്നയിക്കുന്നത് . ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടയാൾ തന്റെ മുന്നിൽ വച്ച് വസ്ത്രങ്ങൾ മാറിയപ്പോൾ തനിക്ക് കടുത്ത അസ്വസ്ഥത ഉണ്ടായതായി വനിതാ ജീവനക്കാരി പരാതിപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.

സംഭവത്തിൽ ട്രാൻസ് വുമണും പരാതിപ്പെട്ടതോടെ അധികാരികൾ വനിതാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. മൂന്നുമാസത്തേയ്ക്കാണ് ജീവനക്കാരിയെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നത്. എന്നാൽ നടപടി എടുത്ത എൻഎച്ച്എസ് ഇപ്പോൾ നിയമനടപടി നേരിടുകയാണ്. തനിക്ക് നേരിട്ട അനീതിക്കെതിരെ വനിതാ ജീവനക്കാരി സ്കോട്ട് ലൻഡ് എൻഎച്ച്എസിനെതിരെ കേസ് കൊടുത്തിരുന്നു.

ഈ വർഷം ജനുവരിയിലാണ് വിവാദമായ സംഭവം നടന്നത്. മൂന്ന് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരി തിരിച്ച് ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നിരുന്നാലും ഇപ്പോഴും ഹെൽത്ത് ബോർഡിന്റെ അന്വേഷണം പ്രസ്തുത വിഷയത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. വനിതാ ജീവനക്കാരിക്ക് എതിരെ എൻഎച്ച്എസ് കൈക്കൊണ്ട തീരുമാനത്തെ ‘തികച്ചും അപകീർത്തികരം’ എന്നാണ് ആൽബ പാർട്ടി എംപി നീൽ ഹാൻവി വിശേഷിപ്പിച്ചത്.