ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവ് റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളും ബിബിസി പ്രസിദ്ധീകരിച്ചു. മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ട് .

സ്വയം ഒരു പാർക്കിൻസൺ രോഗിയായി തിരിച്ചറിഞ്ഞതിനു ശേഷവും എല്ലാ പ്രതികൂല ഘടകങ്ങളും മറികടന്ന് ജോലി തുടരുകയും അതിലുപരി പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. പാർക്കിൻസൺ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് അവാർഡ് ലഭിച്ച അവസരത്തിൽ റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞിരുന്നു .

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.

ജീവിതത്തിലുടനീളം ജോലിയിലും രോഗാവസ്ഥയിലും ഭർത്താവും മക്കളും നൽകിയ പിന്തുണയെ കുറിച്ച് ബിബിസി അഭിമുഖത്തിൽ റ്റിൻസി ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞതിനു ശേഷമുള്ള ആദ്യ മദേഴ്സ് ഡേയിൽ തന്റെ മകൻ നൽകിയ കാർഡിൽ സൂപ്പർ മമ്മി എന്നാണ് എഴുതിയിരുന്നത്. അമ്മയ്ക്ക് പാർക്കിൻസൺ രോഗമുണ്ടെങ്കിലും ഇപ്പോഴും ജോലി ചെയ്യുകയും തങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ കാർഡിൽ എഴുതിയതെന്ന് മകൻ പറഞ്ഞത് തന്നെ കരയിപ്പിച്ചതായി റ്റിൻസി പറഞ്ഞു .

റ്റിൻസിയെ കുറിച്ച് മലയാളം യുകെയുടെ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത്.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റ്റിൻസി ജോസിനെ കുറിച്ച് ബിബിസി പ്രസിദ്ധീകരിച്ച വാർത്ത വായിക്കാം.

https://www.bbc.co.uk/news/uk-england-norfolk-67618326?fbclid=IwAR3KDRWqY350S2nHPgqiIiczy9Xidg41JgW0A_FtmemuzBPJ07U7wWy-GnY_aem_AavwsunBdKyrJCVAkpdmV_9-tG1a27NYfj6nrPguHNq5SR0zxphvYh8QnWd9W4Pb59c