ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ കുട്ടികൾക്ക് നിർബന്ധമായ എം.എം.ആർ വാക്സിൻ നൽകുന്നതിൽ എൻ.എച്ച്.എസ് സംവിധാനം വ്യക്തമായ പരാജയത്തിലാണെന്ന കടുത്ത മുന്നറിയിപ്പുമായി എം.പിമാരും ആരോഗ്യ വിദഗ്ധരും രംഗത്ത് വന്നു. അഞ്ച് വയസുള്ള കുട്ടികളിൽ ഇരട്ട ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ശതമാനം ചില പ്രദേശങ്ങളിൽ 60 ശതമാനത്തിന് താഴെയായതോടെ വടക്കൻ ലണ്ടനിലെ എൻഫീൽഡിൽ പടർന്നുപിടിച്ച അഞ്ചാം പനി കടുത്ത ആശങ്ക ആണ് ആരോഗ്യ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത് . 60 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും 15 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എൻഫീൽഡിലെ വാക്സിനേഷൻ നിരക്ക് 64.3 ശതമാനം മാത്രമാണ്. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന 95 ശതമാനത്തെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ പത്ത് വർഷത്തിനിടെ പൂർണമായി വാക്സിൻ എടുത്ത അഞ്ച് വയസുകാരുടെ നിരക്ക് 88.2 ശതമാനത്തിൽ നിന്ന് 83.7 ശതമാനമായി ഇടിഞ്ഞത് ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ ജി.പി. സർജറികളും സ്കൂളുകളും ചേർന്നാണ് വാക്സിൻ നൽകുന്നത്. എന്നാൽ ഇത് മതിയായ ഫലം നൽകുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. ഫാർമസികൾക്കും എം.എം.ആർ വാക്സിൻ നൽകാൻ അനുമതി നൽകണമെന്ന് എം.പിമാരും റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് അടക്കമുള്ള സംഘടനകളും ആവശ്യപ്പെട്ടു. മാതാപിതാക്കൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടങ്ങളായ ഫാർമസികളെ ഉപയോഗപ്പെടുത്താതെ പോകുന്നത് വലിയ പിഴവാണെന്ന അഭിപ്രായവും ശക്തമാണ്.

കുറഞ്ഞ വാക്സിനേഷൻ നിരക്ക് തുടർന്നാൽ കൂടുതൽ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. മതിയായ പ്രതിരോധം ലഭിക്കാത്ത സമൂഹങ്ങളിൽ വൈറസ് വേഗത്തിൽ പടരാൻ ഇടയുണ്ടെന്നും നല്ലൊരു ശതമാനം ആളുകൾക്ക് രോഗബാധ സംഭവിച്ച ശേഷം മാത്രമേ പ്രഭവം കുറയുകയുള്ളുവെന്നും അവർ ചൂണ്ടിക്കാട്ടി. വാക്സിൻ സ്വീകരിക്കാത്ത കുട്ടികളുടെ എണ്ണം വർധിക്കുമ്പോൾ മറ്റൊരു കടുത്ത രോഗവ്യാപനം ഉണ്ടാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്. വാക്സിനേഷൻ പുതുക്കാൻ സർക്കാർ പ്രത്യേക ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.