ലണ്ടന്‍: ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ നികുതി വിവരങ്ങളും ലാഭത്തേക്കുറിച്ചുള്ള വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇത് സംബന്ധിച്ച നിയമം വൈകാതെ യൂണിയന്‍ പാസാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളായ ഫേസ്ബുക്ക്, ആമസോണ്‍ ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഇതോടെ തങ്ങളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറോണ്ടി വരും. ഏപ്രില്‍ മാസത്തോടെ നിയമനിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് സൂചന. നിയമനിര്‍മാണത്തെ യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ഷോണ്‍ ക്ലോദ് ജങ്കറും അനുകൂലിക്കുന്നുണ്ട്.
നിയമം അമേരിക്കയടക്കമുളള ലോകരാജ്യങ്ങളുടെ കൂടി സമ്മതത്തോടെ നടപ്പാക്കാനാണ് യൂണിയന്റെ തീരുമാനം. യൂറോപ്യന്‍ യൂണിയനിലെ ഓരോ രാജ്യത്തും ഇവര്‍ നല്‍കുന്ന നികുതി വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കണം.പുതിയ നിയമം നടപ്പാക്കിയാല്‍ ഉണ്ടാകാനിടയുളള ഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ യൂണിയന്‍ പരിശോധിച്ച് വരികയാണ്. കമ്പനികള്‍ തങ്ങളുടെ നികുതി വിവരങ്ങള്‍ ദേശീയ നികുതി അധികൃതരെ മാത്രം ബോധിപ്പിച്ചാല്‍ മതിയെന്ന് കഴിഞ്ഞ മാസം യൂണിയന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം വ്യാപക പ്രതിഷേധത്തിനിടയാക്കി. പുതിയ നിയമം സംബന്ധിച്ച കരട് ഏപ്രില്‍ പന്ത്രണ്ടിന് അവതരിപ്പിക്കും.

നിലവിലുളള രണ്ട് നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്താല്‍ മാത്രമേ പുതിയ നിയമം പാസാക്കാനാകൂ എന്നും യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ബില്ലിന് ഭൂരിപക്ഷാംഗീകാരം ലഭിച്ചാലും പാസാക്കാനാകും. ഇരുപത്തെട്ട് അംഗരാജ്യങ്ങളില്‍ പതിനാറ് രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമാകും. ബഹുരാഷ്ട്ര കമ്പനികള്‍ സര്‍ക്കാരുകളുടെ കൂടി സഹായത്തോടെ വ്യാപകമായ തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ലക്‌സ് ലീക്‌സ് വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു നിയമനിര്‍മാണത്തെക്കുറിച്ച് യൂണിയന്‍ ആലോചിച്ചത്. പെപ്‌സി, ഐക്കിയ, ഫെഡെക്‌സ് തുടങ്ങിയ കമ്പനികള്‍ ലക്‌സംബര്‍ഗ് സര്‍ക്കാരുമായി രഹസ്യ ധാരണയുണ്ടാക്കി കോടിക്കണക്കിന് യൂറോ നികുതിയിനത്തില്‍ വെട്ടിച്ചതായും ലക്‌സ് ലീക്‌സ് പറയുന്നു.