ന്യൂസ് ഡെസ്ക്, മലയാളം യുകെ
അത്യാസന്ന നിലയിൽ പനിയോ മറ്റ് അസുഖങ്ങളോ ബാധിച്ച് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുക. മിക്ക എൻഎച്ച്എസ് ആശുപത്രികളുടെയും സ്ഥിരം കാഴ്ചയാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ദശകത്തിൽ ആക്സിഡൻറ് ആൻഡ് എമർജൻസിയിൽ കാത്തിരിക്കേണ്ടി വന്നവരുടെ എണ്ണം 2.9 ദശലക്ഷമായി ആണ് ഉയർന്നത് . നിലവിൽ എൻഎച്ച്എസ് അഭിമുഖീകരിച്ചതിൽ ഏറ്റവും ഉയർന്ന കണക്കുകൾ ആണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് 12 മണിക്കൂർ ട്രോളി കാത്തിരിപ്പ് ഏതാണ്ട് നിലവിലില്ലായിരുന്നു. 2015 ജൂൺ, ജൂലൈ മാസങ്ങളിൽ വെറും 47 പേർ മാത്രം ആണ് ഈ രീതിയിൽ കാത്തിരിക്കേണ്ടി വന്നത് . എന്നാൽ 2025 ജൂണിൽ മാത്രം ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോയ രോഗികളുടെ എണ്ണം 38,683 ആണ് . നിലവിൽ A& E യിൽ എത്തുന്നവരിൽ 7.2ശതമാനത്തിനും ഹോസ്പിറ്റൽ അഡ്മിഷൻ ലഭിക്കാൻ 12 മണിക്കൂറോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്.
ഒരുകാലത്ത് ശൈത്യകാല രോഗം പിടിമുറുക്കുമ്പോൾ മാത്രമാണ് എൻഎച്ച്എസ് ഈ പ്രതിസന്ധിയെ നേരിട്ടിരുന്നത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. വർഷത്തിലെ 365 ദിവസവും ഈ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവിൽ പ്രതിപക്ഷ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകൾ ഈ വിഷയത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് വന്നു. ആശുപത്രി വരാന്തകളിൽ പ്രിയപ്പെട്ടവർ വേദനയോടെ കഴിയുന്നത് നിസ്സഹായരായി കണ്ടു നിൽക്കേണ്ടിവരുന്ന കുടുംബങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നതായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ആരോഗ്യ, സാമൂഹിക പരിപാലന വക്താവ് ഹെലൻ മോർഗൻ പറഞ്ഞു.
Leave a Reply