ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഈയാഴ്ച അവസാനത്തോടെ യുകെയിൽ താപനിലയിൽ ക്രമാതീതമായ വർദ്ധനയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് എൻഎച്ച്എസ് നാഷണൽ എമർജൻസി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഈയാഴ്ച അവസാനത്തോടെ ഉഷ്ണ തരംഗം ബ്രിട്ടനിലുടനീളം ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്നെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. അടുത്ത ഞായറാഴ്ചയോടുകൂടി 43 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ലെവൽ 4 രീതിയിലുള്ള ഉഷ്ണ തരംഗം ഉണ്ടാകുമെന്നും ഇത് നിരവധി പേരുടെ അപകടത്തിനും മരണത്തിനും മറ്റും കാരണമാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ലെവൽ 3 ഹെൽത്ത് ക്രൈറ്റീരിയകൾ നടപ്പിലാക്കാനുള്ള 90% സാധ്യതയാണ് എൻഎച്ച്എസ് വ്യക്തമാക്കുന്നത്. ഹൈ റിസ്ക് പേഷ്യന്റുകൾക്കാണ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പ്രൊവൈഡർമാർ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടതെന്ന് എൻ എച്ച് എസ് വ്യക്തമാക്കി. ഹോസ്പിറ്റലുകളിലും നേഴ്സിംഗ് കെയർ ഹോമുകളിലുമെല്ലാം അകത്തെ താപനില കുറയ്ക്കാനുള്ള മാർഗങ്ങൾ സജ്ജീകരിക്കണമെന്നും, ആവശ്യമുള്ള ആളുകൾക്ക് കൂൾ ഏരിയകൾ നൽകി സഹായിക്കണമെന്നും എൻഎച്ച്എസ് വ്യക്തമാക്കി. മാതാപിതാക്കളെയും കുട്ടികളെയുമെല്ലാം നിലവിലെ സാഹചര്യത്തെ സംബന്ധിച്ച ബോധവാന്മാരാക്കാൻ ഹെൽത്ത് വിസിറ്റേഴ്സും സ്കൂൾ നേഴ്സുമാരും തയ്യാറാകണമെന്നും എൻഎച്ച്എസ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതയോടു കൂടി പുറത്തിറങ്ങണമെന്ന നിർദ്ദേശമാണ് പൊതുവായി നൽകിയിരിക്കുന്നത്.