ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ : ഇമിഗ്രേഷൻ നിയമങ്ങളുടെ നൂലാമാലകൾ കാരണം ഡോക്ടർ യുകെ വിടാൻ ഒരുങ്ങുന്നു . എൻഎച്ച് എസിന്റെ ഏറ്റവും പ്രഗൽഭനായ പീഡിയാട്രിക് സൈക്യാട്രിസ്റ്റായ ഡോക്ടർ നിശ്ചിന്ത് വാരിക്കൂ ആണ് രാജ്യം വിടാൻ ഒരുങ്ങുന്നത്. ചൈൽഡ് ആൻഡ് അഡോളസെൻസ് മെന്റൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ഡോക്ടർ വാരിക്കൂ ഈ വിഷയത്തെ സംബന്ധിച്ച് ബോറിസ് ജോൺസൺനും , ഹോം സെക്രട്ടറിയായ പ്രീതി പട്ടേലിനും പരാതി നൽകിയിട്ടുണ്ട്. 71 കാരിയായ മാതാവ് ഭൂല ഇന്ത്യക്കാരിയാണ്, എന്നാൽ വാരിക്കൂ 2014ൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നു.
വിധവയായ മാതാവിനെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാൻ ആവില്ലെന്നും, അമ്മയെ നോക്കാൻ അവിടെ ബന്ധുക്കളായി ആരും ഇല്ലെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുകയാണ്. ഡിസംബർ നുള്ളിൽ അമ്മയുടെ വിസാ കാലാവധി നീട്ടി ലഭിച്ചില്ലെങ്കിൽ ഓസ്ട്രേലിയയിലേക്ക് പോകാനാണ് തീരുമാനം. അവിടെ ഡോക്ടറും ഭാര്യയും 13 വയസ്സായ മകളും അമ്മയും അടങ്ങുന്ന കുടുംബത്തിന് വിസയും താമസവും ജോലി സൗകര്യവും ലഭ്യമാണ്.
ബ്രിട്ടൻ വിട്ടുപോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല. ഒട്ടനവധി പേരുടെ ജീവൻ രക്ഷിക്കുകയും അതിലുമധികം ആളുകളെ ചികിത്സിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ. എന്നോടും കുടുംബത്തോടും നീതി പുലർത്തും എന്ന് വിശ്വസിക്കുന്നു. മകളെ ജന്മ ദേശത്തുനിന്നും ഇത്ര ചെറുപ്പത്തിലെ പറിച്ചു നടേണ്ടി വരുന്നതിൽ വേദനയുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഡോക്ടർ വാരിക്കൂ രാജ്യം വിടുകയാണെങ്കിൽ അദ്ദേഹത്തിന്റെ വിടവ് എൻഎച്ച്എസ്ന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നികത്താനാവാത്തതായിരിക്കുമെന്ന് മെഡിക്കൽ ട്രസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
Leave a Reply