ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എൻഎച്ച്എസ് നേഴ്സുമാരുടെ 1% ശമ്പള വർദ്ധനവിനെതിരെ മാഞ്ചസ്റ്ററിൽ പ്രതിഷേധം സംഘടിപ്പിച്ച എൻഎച്ച്എസ് നേഴ്സ് കാരെൻ റെയ്‌സ്മാന് 10,000 പൗണ്ട് പിഴ ചുമത്തി. കഴിഞ്ഞ മാസം മാഞ്ചസ്റ്ററിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് ശേഷമാണ് റെയ്സ്മാന് പിഴ ചുമത്തിയത്. എന്നാൽ കേസ് ഹൈക്കോടതിയിലേയ്ക്ക് നീക്കാനാണ് അവരുടെ ശ്രമം. സ്കൂളുകൾ തുറക്കുന്നതിന് തൊട്ട് മുമ്പ് മാർച്ച്‌ ഏഴാം തീയതി ആയിരുന്നു റെയ്സ്മാൻ പ്രതിഷേധം സംഘടിപ്പിച്ചത്. തുടക്കത്തിൽ സാമൂഹിക അകലം പാലിച്ച് പ്രതിഷേധം തുടരാൻ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ അവർ സമ്മേളനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. 40 പേർ ചേർന്നാണ് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്.

 

കോവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ചു കൂട്ടം കൂടിയതിനാണ് പിഴ ചുമത്തിയത്. കേസിന്റെ പുനരവലോകനത്തിനുശേഷവും, പിഴ നിയമപരമാണെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞതായി റെയ്സ്മാൻ വെളിപ്പെടുത്തി. പിഴ ചുമത്തിയ പോലീസ് നടപടിയ്ക്ക് എതിരായി കേസ് നടത്തുവാൻ റെയ്സ്മാനുവേണ്ടി ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ൻ നടത്തി 30000 പൗണ്ട് സമാഹരിച്ചിട്ടുണ്ട്. ഇൻഡോർ ഇവന്റുകളിൽ ആണ് വൈറസിന്റെ തീവ്രവ്യാപനം നടക്കുന്നതെന്നും ഔട്ട്‌ഡോർ ഇവന്റുകളിൽ വ്യാപനം കുറവാണെന്നും അവർ കൂട്ടിച്ചേർത്തു.

“രണ്ട് മീറ്റർ അകലം പാലിച്ചു നിൽക്കുന്ന നാല്പതു പേർ രോഗവ്യാപനത്തിന് കാരണമാകുന്നില്ലെന്ന് അറിവുള്ളതാണ്. ഞാൻ വെറുതെ പിഴ സ്വീകരിക്കാൻ പോകുന്നില്ല. കേസ് ഹൈക്കോടതിയിലേയ്ക്ക് കൊണ്ടുപോകും.” റെയ്സ്മാൻ അറിയിച്ചു.