ലണ്ടൻ : എൻ എച്ച് എസ് ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ സ്വീകരിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തം. നിയമം നടപ്പിലാക്കിയാൽ ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ജീവനക്കാരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകും. ഇത് തടയാനായി വാക്സിൻ സമയപരിധി നീട്ടാൻ സർക്കാർ തയ്യാറാകണമെന്ന് റോയൽ കോളേജ് ഓഫ് ജിപിഎസ് ആവശ്യപ്പെട്ടു. നിലവിലെ ഉത്തരവ് പ്രകാരം, എല്ലാ ജീവനക്കാരും ഫെബ്രുവരി മൂന്നിനുള്ളിൽ ആദ്യ ഡോസ് സ്വീകരിക്കണം. ഏപ്രിൽ ഒന്നിനകം വാക്സിനേഷൻ പൂർത്തിയാക്കണം. എന്നാൽ, സമയപരിധി നീട്ടാൻ പദ്ധതിയില്ലെന്നും രോഗികളെ സംരക്ഷിക്കാൻ ഇത് ശരിയായ നടപടിയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
സർക്കാരിന്റെ നിർബന്ധിത വാക്സിനേഷൻ നയത്തെ എതിർക്കുന്ന എൻഎച്ച്എസ് ജീവനക്കാർ സെൻട്രൽ ലണ്ടനിൽ പ്രതിഷേധ പ്രകടനം നടത്തി. മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ലീഡ്സ് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലെ മറ്റ് നഗരങ്ങളിലും പ്രകടനങ്ങൾ നടന്നു. ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നിർബന്ധമായി നൽകുന്നത് ശരിയായ വഴിയല്ലെന്ന് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർമാൻ മാർട്ടിൻ മാർഷൽ പറഞ്ഞു. ഏപ്രിൽ ഒന്നിനകം വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരെ പുറത്താക്കിയാൽ എൻഎച്ച്എസിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച, ചില കൺസർവേറ്റീവ് എംപിമാർ നയം പുതുക്കണമെന്ന് ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പദ്ധതിയെ എൻഎച്ച്എസ് പിന്തുണച്ചിട്ടുണ്ടെന്നും വാക്സിൻ എടുക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ജനസഭയിൽ പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ പുറത്താക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും ജോൺസൻ വ്യക്തമാക്കി. സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയാണ് മുൻനിര ആരോഗ്യ പ്രവർത്തകർ പരിപാലിക്കുന്നത്. അതിനാൽ അവർ പൂർണമായി വാക്സിൻ സ്വീകരിച്ചവരാകണമെന്ന് സർക്കാർ ഉറപ്പിച്ചു പറയുന്നു.
Leave a Reply