ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ രോഗികളുടെ രോഗനിർണ്ണയവും ചികിത്സയും മെച്ചപ്പെടുത്തുന്നതിനായി ക്യാൻസർ 360 എന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി എൻഎച്ച്എസ്. ആരോഗ്യ പ്രവർത്തകർ ഒന്നിലധികം സ്പ്രെഡ്ഷീറ്റുകൾ, ഇമെയിലുകൾ, രേഖകൾ എന്നിവയിലൂടെ തിരയേണ്ട നിലവിലെ പ്രക്രിയയ്ക്ക് പകരമായി, എല്ലാ രോഗി ഡേറ്റയും ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ ഉപകരണം അവതരിപ്പിക്കുന്നതിൻെറ ലക്ഷ്യം. ഓരോ രോഗിയുടെയും പൂർണ്ണമായ വിവരങ്ങൾ ഡോക്ടർമാർക്കും നേഴ്സുമാർക്കും നൽകുന്നത് വഴി, അടിയന്തര കേസുകൾക്ക് മുൻഗണന നൽകാനും കാലതാമസം കൂടാതെ കാര്യക്ഷമമായി രോഗം പരിഹരിക്കാനും ക്യാൻസർ 360 ഉപയോഗിച്ച് സാധിക്കും.
രാജ്യത്തുടനീളമുള്ള കൂടുതൽ ആശുപത്രികളിൽ ഈ സംവിധാനം നടപ്പിലാക്കുന്നത് വഴി ചികിത്സാ സമയവും രോഗികളുടെ മൊത്തത്തിലുള്ള അനുഭവവും ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്ലിനിക്കൽ ട്രാൻസ്ഫോർമേഷൻ ഡയറക്ടർ ഡോ. വിൻ ദിവാകർ പറഞ്ഞു. രോഗനിർണയം വേഗത്തിലാക്കുന്നതിനു പുറമേ, ക്യാൻസർ 360 ചികിത്സയുടെ കാലതാമസം കുറയ്ക്കുകയും അതിജീവന നിരക്ക് മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) പ്രസ്താവിച്ചു. മാക്മില്ലൻ ക്യാൻസർ സപ്പോർട്ട് പോലുള്ള സംഘടനകളിൽ നിന്ന് ഈ സംരംഭത്തിന് പിന്തുണ ലഭിച്ചിട്ടുണ്ട്.
യുകെയിൽ ക്യാൻസർ ബാധിതരുടെ എണ്ണം 3.5 ദശലക്ഷത്തിലേയ്ക്ക് അടുക്കുന്ന സാഹചര്യത്തിൽ, വേഗതയേറിയതും കൂടുതൽ നീതിയുക്തവുമായ ക്യാൻസർ പരിചരണത്തിന്റെ അടിയന്തര ആവശ്യകത മാക്മില്ലൻ കാൻസറിൻെറ പ്രതിനിധി ഈവ് ബൈർൺ ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യ ഫലങ്ങൾ മെച്ചപ്പെടുത്തുകയും കാലതാമസം കുറയ്ക്കുകയും രോഗികളെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. ബാത്തിലെയും ചെൽസിയിലെയും റോയൽ യുണൈറ്റഡ് ആശുപത്രിയിലും വെസ്റ്റ്മിൻസ്റ്റർ ആശുപത്രിയിലും ക്യാൻസർ 360 സാങ്കേതികവിദ്യയുടെ പരീക്ഷണം നല്ല ഫലങ്ങൾ കാണിച്ചു.
Leave a Reply